കള്ളികളിൽ ഒതുങ്ങാത്ത മനുഷ്യൻ

Article: Kureeppuzha Vincent
ജീവശാസ്ത്രപരമായ് ജന്തുവർഗങ്ങളിൽ ഒന്നെന്നോ, സസ്തനികളിലെ ഹോമോസാപ്പിയൻ പരമ്പരയിലെ അംഗം എന്നോ കൃത്യമായി വർഗ്ഗീകരിക്കാവുന്ന മനുഷ്യന്റെ ചിന്താമണ്ഡലം പക്ഷേ, കൃത്യമായ അതിർത്തിക്കുള്ളിൽ മെരുങ്ങുവാൻ മിനക്കെടാതെ, എണ്ണമറ്റ കള്ളികളിൽ ദിശാഭേദങ്ങളോടെ വ്യവഹരിക്കുന്ന അമൂർത്ത പ്രതിഭാസമാണ്.

ഇന്നയിടത്തെ ഇന്ന ആളുടെ മകൻ/മകൾ ഇന്ന ആൾ എന്ന സോഷ്യൽ ഐഡൻറിറ്റിക്കുള്ളിത്തന്നെ, കുടുംബത്തിൽ അച്ഛൻ/അമ്മ, മകൻ/മകൾ, അമ്മായി/അമ്മാവൻ തുടങ്ങി അനവധിയായ ഉപ പദവികളും; സമൂഹത്തിൽ മുതലാളി, തൊഴിലാളി, മേൽ ഉദ്യോഗസ്ഥൻ, കീഴ് ഉദ്യോഗസ്ഥൻ, രാഷ്ട്രീയക്കാരൻ, അധ്യാപകൻ തുടങ്ങി എണ്ണമറ്റ സ്ഥാനങ്ങളും social hierarchy ലെ തന്റെ ഇടത്തിനനുസൃതമായ് നിർവഹിക്കുവാൻ നിർബന്ധിതനാവുന്ന ആധുനികമനുഷ്യനോളം സ്വത്വ പ്രതിസന്ധി നേരിടുന്ന മറ്റൊരു ജീവിവർഗ്ഗം മറ്റൊന്നും ഉണ്ടാവില്ല.

ധരിക്കേണ്ടി വരുന്ന യൂണിഫോമിന്റെ Social / Official Responsibility and Accountability കളിലേക്കു പരുവപ്പെടുവാൻ യത്നിക്കുന്ന ആധുനിക മനുഷ്യന്റെ ആത്മവഞ്ചനയുടെ പ്രതിഫലനമാണ് ‘man is the only animal that, refuse to be what he is’ എന്ന് ആബേൽ കാമുവിന്റെ വരികളിൽ മുഴങ്ങുന്നത്.

ഈ പശ്ചാത്തലത്തിലാണ് മനോ വ്യവഹാരങ്ങളിലും അതിനനുസൃതമായ intellectual position കളിലും എത്രത്തോളം സത്യസന്ധരാവാൻ അഥവാ, എത്രമാത്രം കൃത്യത പാലിക്കാൻ വ്യക്തികൾക്ക് കഴിയും എന്ന ചിന്ത പ്രസക്തമാകുന്നത്.

യുക്തിവാദി എത്രത്തോളം യുക്തിവാദിയാണ്, സ്വതന്ത്ര ചിന്തകൻ എത്രത്തോളം സ്വതന്ത്ര ചിന്തകനാണ്, ഇടതുപക്ഷക്കാരൻ എത്രത്തോളം ഇടതുപക്ഷത്താണ്, ജനാധിപത്യവാദി എത്രത്തോളം ജനാധിപത്യവാദിയാണ്, ലിബറലിസ്റ്റ് എത്രത്തോളം ലിബറലാണ്, അരാഷ്ട്രീയവാദി എത്രത്തോളം അരാഷ്ട്രീയനാണ്? എന്നതാണ് മുകളിൽ പറഞ്ഞതിന്റെ വിവക്ഷ.

വ്യക്തിയുടെ സാമൂഹിക അസ്തിത്വത്തിന്റെ അനിവാര്യതകളായ വിദ്യാഭ്യാസം, തൊഴിൽ, സൗഹൃദം, ബന്ധുത്വം, ഭവനം, വാഹനങ്ങൾ മുതൽ വസ്ത്രങ്ങൾ വരെയുള്ള ഉപഭോഗവസ്തുക്കൾ, ആഡംബരങ്ങൾ മുതലായവയുടെ തിരഞ്ഞെടുപ്പിൽ ഒരാൾ തന്റെ ബൗദ്ധിക നിലപാടുകൾ അഥവാ വിശ്വാസപ്രമാണങ്ങളോട് എത്രത്തോളം നീതിപുലർത്തുന്നു എന്നതാണ് കാതലായ ചോദ്യം.

യുക്തിവാദിയുടെ കുടുംബ – സാമൂഹിക ജീവിതം

ഒരു യുക്തിവാദിയെ ഉദാഹരണമെടുത്താൽ ഉണർച്ച മുതൽ ഉറക്കം വരെയുള്ള ദൈനംദിന ചര്യകളിൽ മതം, പാരമ്പര്യം തുടങ്ങിയ അപൂർവ കാര്യങ്ങളിൽ യുക്തിപരമായ നിർദ്ധാരണവും കണിശതയും പുലർത്തുവാൻ കഴിയുമെങ്കിലും മറ്റ് മഹാഭൂരിപക്ഷം കാര്യങ്ങളിലും യുക്തിപരമായ തിരഞ്ഞെടുപ്പ് സാധ്യമല്ലായെന്നത് യാഥാർത്ഥ്യമാണ്. രാവിലെ ഉറക്കമുണരുന്ന യുക്തിവാദി, പ്രാതലിന് ദോശയാകട്ടെയെന്നു തീരുമാനിക്കുന്നത് ദോശയ്ക്ക് പുട്ടിനെയോ പൂരിയേയോ അപേക്ഷിച്ച് ഇത്ര കാലറി ഊർജം കൂടുതലാണെന്നോ പ്രോട്ടീനോ വൈറ്റമിനുകളോ ഇത്രത്തോളം കൂടുതലാണെന്നോ യുക്തിപൂർവ്വം താരതമ്യം ചെയ്തിട്ടാവില്ല. ലഭ്യതയ്ക്ക് പുറമെ അഭിരുചി, ആവർത്തിക്കുന്നതിലുള്ള വിരസത തുടങ്ങി തീർത്തും യുക്തി വിരുദ്ധമായ കാര്യങ്ങളാണ് അവിടെ തിരഞ്ഞെടുപ്പിന് മാനദണ്ഡം. അതുപോലെ തന്നെ, വീട് വയ്ക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും യുക്തിക്കുപരിയായ് വർത്തിക്കുന്നത്. അഭിരുചി, ബഡ്ജറ്റ്,  സോഷ്യൽ ട്രെൻഡ് മുതലായവയായിരിക്കും.

ഇനി രാത്രിയിൽ കിടപ്പറയിലേക്കു പോകുമ്പോൾ അമ്മയോ മകളോ പെങ്ങളോ അല്ല ഭാര്യ മതിയെന്ന് തീരുമാനിക്കുന്നത് യുക്തിയുടെയോ ശാസ്ത്രീയതയുടെയോ അടിസ്ഥാനത്തിലാണോ? അല്ല. യുക്തിപൂർവ്വം ചിന്തിച്ചാൽ, ശാസ്ത്രീയമായ് അപഗ്രഥിച്ചാൽ അമ്മയും മകളും പെങ്ങളും സംഭോഗയോഗ്യമായ പെണ്ണുങ്ങൾ തന്നെ. അമ്മയെയും പെങ്ങളെയും മകളെയും ഒഴിവാക്കുവാൻ യുക്തിവാദിയെ പ്രേരിപ്പിക്കുന്നത് യുക്തിയല്ല; മറിച്ച് പാരമ്പര്യവും സംസ്കാരമെന്നു വിവക്ഷിക്കുന്ന morality യുമാണ്. എന്നാൽ കാല-ദേശ ഭേദജന്യമായ ഈ മൊറാലിറ്റിയുടെ രൂപീകരണത്തിനെന്നപോലെ നിലനിൽപ്പിനും മതത്തിനു യാതൊരുപങ്കുമില്ല എന്നതു വേറേ കാര്യം.

ചുരുക്കത്തിൽ,  പ്രായോഗിക തലത്തിൽ യുക്തിവാദി എത്രകണ്ട് യുക്തിവാദിയാണ് എന്ന് ചിന്തിച്ചാൽ വളരെ കുറച്ചുമാത്രം എന്ന് വ്യക്തമാണ്. മഹാഭൂരിപക്ഷം കാര്യങ്ങളിലും അയാൾ ജീവിക്കുന്ന ചുറ്റുപാടുകളുടെ പാരമ്പര്യങ്ങളിൽ ബന്ധനസ്ഥനായിരിക്കും അങ്ങനെ അയാൾ തിരിച്ചറിയണമെന്നില്ലെങ്കിൽ കൂടി.

താൻ ഉൾപ്പെടെയുള്ള ഭൗതികലോകത്തെ മനസ്സിലാക്കാൻ അഥവാ അറിവിലേക്കുള്ള ഏകമാർഗ്ഗം അല്ലെങ്കിൽ tool യുക്തിയാണെന്നതിൽ തർക്കമില്ല. Reasoning അഥവാ യുക്തിപൂർവ്വമുള്ള നിർദ്ധാരണത്തിലൂടെയാണ് മനുഷ്യൻ ഇന്നുവരെയുള്ള വിജ്ഞാനങ്ങളിലും ഭൗതികനേട്ടങ്ങളിലും എത്തിച്ചേർന്നതെന്നതിൽ തർക്കമില്ല. എന്നാൽ ഇതേ tool വ്യാവഹാരിക ജീവിതത്തെ ചിട്ടപ്പെടുത്താൻ ഏകമാർഗമായി ഉപയോഗിച്ചാൽ സമൂഹത്തിന്റെ താളംതെറ്റുമെന്ന് ഉറപ്പ്.

‘മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്’ എന്ന വചനം പോലെ ഹോമോസാപ്പിയനെ മനുഷ്യനാക്കിയതിൽ  ഏറ്റവും പ്രാഥമിക അർത്ഥത്തിൽ മതമുൾപ്പെടെ, കലസാഹിത്യാദികൾ വഹിച്ച, വഹിക്കുന്ന പങ്ക് അനിഷേധ്യമാണ്.

അനുഭൂതി പ്രധാനമായ കലകളെയും സാഹിത്യത്തെയും യുക്തിയുടെ അളവുകോൽ കൊണ്ട് ആസ്വദിക്കാൻ ശ്രമിച്ചാൽ എന്താവും അവസ്ഥ? മഹാഭാരതത്തിലെ ദാർശനിക ഗിരിമയും ബൈബിളിലെ കാവ്യാത്മക ഭാഷയും യുക്തിയുടെ കട്ടിക്കണ്ണട കൊണ്ട് കണ്ടെത്തുവാൻ കഴിയുമോ? കവിതകളിലേയും ചിത്രകലയിലേയും ധ്വനി ബിംബങ്ങൾക്ക് എന്ത് യുക്തിയാണുള്ളത്? യുക്തിയുടെ ഏത് തലത്തിൽ നിന്നാണ് നാം സംഗീതം ആസ്വദിക്കുന്നത്?

കർക്കശമായ യുക്തിയുടെ എക്സ്റേ കണ്ണട വച്ച് മനുഷ്യജീവിതത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തിയാൽ ഒരു അസ്ഥിപഞ്ചരം മാത്രമേ കണ്ണിൽപെടു, അസ്ഥിക്ക് പുറമേയുള്ള സൗന്ദര്യം കാണണമെങ്കിൽ യുക്തിയുടെ കണ്ണട ഊരി വെച്ച് തന്നെ നോക്കണം.

ഒരു ഉള്ളം കൈയുടെ വ്യാപ്തിയിലോതുങ്ങുന്ന തലച്ചോർ എന്ന ജെല്ലിയുടെ ന്യൂറോൺ തന്ത്രികളുടെ ഇടയിലെ രാസ വൈദ്യുത വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ‘ഫീലു’കൾ മാത്രമാണ് സംഗീതം മുതൽ സെക്സ് വരെയുള്ള സമസ്ത അനുഭൂതികളും എന്നു പറയുന്ന ശാസ്ത്രവാദി അടിസ്ഥാന സത്യമാണ് പറയുന്നത്. പക്ഷേ, ആ സത്യത്തിന് പറയുന്ന ആളുടെതുൾപ്പെടെയുള്ള മനുഷ്യന്റെ വ്യാവഹാരിക ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.

സ്വതന്ത്രചിന്തകന്റെ സ്വാതന്ത്ര്യം

സ്വതന്ത്രചിന്തകർ എന്ന് അവകാശപെടുന്നവരുടെ കാര്യം പരിശോധിച്ചാലും മേൽപ്പറഞ്ഞതരം വൈരുദ്ധ്യങ്ങൾ കാണാൻ കഴിയും. ഏതിൽ നിന്ന് അല്ലെങ്കിൽ എന്തിൽ നിന്നോക്കെയാണ് ഒരാൾക്ക് സ്വാതന്ത്രനാകാൻ കഴിയുക എന്ന ഒരു ചോദ്യമുണ്ട്. മതങ്ങളിൽ നിന്നെന്ന പോലെതന്നെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളിൽ നിന്നൊക്കെ വ്യതിരിക്തരായി പ്രശ്നങ്ങളെ പ്രശ്നങ്ങളായും വിഷയങ്ങളെ വിഷയങ്ങളായും മാത്രം സമീപിക്കുന്ന ഒരു രീതി അഥവാ ‘free bird’ സമീപനമാണ് ചിലർക്ക് സ്വതന്ത്രചിന്ത.

വിഷയങ്ങൾ വിഷയങ്ങളായ് സമീപിക്കുക എന്നാൽ, വൃക്ഷത്തെ അത് നിലനിൽക്കുന്ന മണ്ണിൽനിന്ന് അടർത്തിയെടുത്ത് വിശകലനം ചെയ്യുന്ന metallic രീതിയാണ്. ഒരു പ്രശ്ന/ വിഷയത്തെ അത് നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽ നിലനിർത്തി വിശകലനം ചെയ്യാത്ത രീതിയിൽ പലപ്പോഴും മാനവികത ലവലേശം ഉണ്ടാവില്ല എന്നതാണ് സത്യം. 

സ്വതന്ത്ര ചിന്തകരിൽ ചില extremist കൾ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമായതിനാൽ സംഘടനകൾക്കു പോലും എതിരാണ്. വേട്ട ഗോത്രങ്ങൾ മുതൽ ആധുനിക ഗവൺമെൻറ്റുകൾ വരെയുള്ള സംഘടിത രൂപങ്ങളാണ് ദുർബല മനുഷ്യരുടെ അതിജീവനം ഉറപ്പുവരുത്തി മനുഷ്യസമൂഹത്തെ ഏറെക്കുറെ സന്തുലിതമായ് നിലനിർത്തി കൊണ്ടു വന്നത്തെന്നോർക്കണം. 

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ള ഭൗതികനേട്ടങ്ങൾ ശാസ്ത്രത്തിന്റേതാണെന്നതിൽ തർക്കമില്ല. പക്ഷേ,  ആ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമാകും വിധം സമൂഹത്തെ മാനവികരിച്ചതിൽ/ പരിവർത്തനപെടുത്തിയതിൽ സംഘടനകൾ വഹിച്ച പങ്ക് നിസ്സാരമല്ല. 

നീതികേടുകൾ നിത്യസംഭവങ്ങളായ, അധികാരികളും അതിസമ്പന്നരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുകൾ നിലനിൽക്കുന്ന, സമ്പന്നർ അധികാരത്തിൻെറ ഒത്താശയിൽ കൂടുതൽ സമ്പന്നരും, ദുർബലർ അധികാരത്തിന്റെ അവഗണനയിൽ കൂടുതൽ ദുർബലരും ആയികൊണ്ടിരിക്കുന്ന, ദരിദ്രരും, വേട്ടയാടപ്പെടുന്നവരും അസംഘടിതരുമടങ്ങിയ ഒരു അരക്ഷിത സമൂഹത്തിൽ ഒരാൾക്ക് എങ്ങനെ absolutely neutral ആയി വിഷയങ്ങളെ സമീപിക്കുവാൻ കഴിയും.

ഡാറ്റകളെ ആശ്രയിച്ച് പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യുന്നതാണ് ശാസ്ത്രീയമായ രീതി. അതുതന്നെയാണ് ശരിയും. പക്ഷെ, ഒരു മൂന്നാം ലോക രാജ്യത്ത്, ഡാറ്റകളെ മാത്രം ആശ്രയിച്ച് വിഷയങ്ങളെ അപഗ്രധിക്കുന്നതും വികസിത രാജ്യങ്ങളെ മാതൃകയാക്കുന്നതും പലപ്പോഴും മാനവിക വിരുദ്ധമാകും. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ഇന്ത്യയില്‍, നെതർലണ്ടിനെയോ ഫിൻലണ്ടിനെയോ അനുകരിച്ചു സമ്പൂര്‍ണ്ണ സ്വകാര്യവത്കരണവും ഭരണതലങ്ങള്‍ മുതല്‍ കൃഷിയും മത്സ്യബന്ധനവും വരെയുള്ള സമസ്തമെഖലകളെയും യന്ത്രവല്‍കൃതമാക്കുന്നതും ആലോചിച്ചു നോക്കൂ. തൊഴില്‍ രഹിതരകുന്ന കോടിക്കണക്കിനു മനുഷ്യരെക്കുറിച്ച് ഉത്‌ക്കണ്‌ഠപ്പെടാന്‍ സ്വതന്ത്രചിന്തയ്ക്കുള്ളില്‍ അല്പം രാഷ്ട്രീയം അഥവാ പക്ഷപാതിത്വംകൂടി വേണം.

ജനസംഖ്യ കുറഞ്ഞ, ഉള്ള ജനങ്ങളെല്ലാവരും വിദ്യാ-സാങ്കേതിക സമ്പന്നരായ, സാമൂഹിക പ്രതിബദ്ധത സഹജമായുള്ള സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളുമുള്ള വികസിത പാശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കി; ജനസംഖ്യാ വിസ്ഫോടനമുള്ള ഭൂരിപക്ഷവും വിദ്യാഹീനരായ, ടാക്സ് വെട്ടിക്കാന്‍ പോലും പഴുതുകള്‍ നോക്കി നടക്കുന്ന കോര്‍പ്പറേറ്റുകളും മുതലാളിമാര്‍ക്ക് മുന്നില്‍ അണ്ണാക്കും പോക്കറ്റും തുറന്നു വച്ചു നില്‍ക്കുന്ന അധികാരികളുമുള്ള നാടിനെ അപഗ്രഥിക്കുന്നത് മാനവിക വിരുദ്ധം മാത്രമല്ല അശാസ്ത്രീയവുമാണ്.
മുകളില്‍ പറഞ്ഞ തരം സമൂഹത്തില്‍ ഒരാള്‍ക്ക് നൂറു ശതമാനം സ്വതന്ത്രചിന്തകനാകാന്‍ കഴിയില്ല. അഥവാ കഴിയുമെങ്കില്‍ അയാള്‍ ഒട്ടും മനവികനാവില്ല.

ഇടതു പക്ഷം എന്ന പക്ഷം

ഇടതു പക്ഷമെന്നത് കേവലം ഒരു രാഷ്ട്രീയ ചേരിചേരലിന്റെ പേരുമാത്രമല്ല, അതിലുപരി ഒരാളുടെ വ്യക്തി-കുടുംബ-സാമൂഹിക ജീവിതത്തിന്‍റെ സമസ്തതലങ്ങളിലും അയാള്‍ സ്വീകരിക്കുന്ന പരിഷ്കരണ(Progressive) ആഭിമുഖ്യത്തിന്‍റെ ചുരുക്കെഴുതാണ്.

ഒരു അര്‍ത്ഥത്തില്‍ ഇടതുപക്ഷം എന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ എത്രത്തോളം ഇടതുപക്ഷത്താണ് എന്ന് പരിശോദിച്ചാല്‍ അത്രത്തോളം ഇടതുപക്ഷത്തല്ല എന്നതാണ് സത്യം. കോർപ്പറേറ്റ് കമ്പനിയില്‍ ജോലി നേടി, മുഹൂര്‍ത്തം നോക്കി , സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച്, കന്നിമൂല നോക്കി വീട് വച്ച്, കുട്ടികളെ ചരടുകെട്ടും, മാമോദീസയും നടത്തി, ജാതിക്കോളത്തില്‍ പേരുചേര്‍ത്ത് മതത്തിന്‍റെയോ ജാതിയുടെയോ പേരിൽ ലഭിക്കാവുന്ന സർവ്വ ആനുകൂല്യങ്ങളും ഇരന്നു വാങ്ങി നടക്കുന്നവരാണ് നമ്മുടെ ഇടയിലെ ഒട്ടുമിക്ക(നല്ലൊരു ശതമാനം) ഇടതുപക്ഷക്കാരും.

അഭിരുചി, ശീലം, സാഹചര്യം തുടങ്ങി വിവിധ കാരണങ്ങളാൽ ദൈനംദിന വ്യവഹാരങ്ങളിൽ അറിഞ്ഞോ അറിയാതെയോ ഒട്ടുമിക്കപേരും വലതു പക്ഷത്തേക്ക് ചാഞ്ഞു സഞ്ചരിക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.

മതേതരവാദി, ജനാധിപത്യവാദി, സ്വാതന്ത്രവാദി, അരാജകവാദി, ഫെമിനിസ്റ്റ്, ഹ്യൂമനിസ്റ്റ് തുടങ്ങിയ സോഷ്യൽ ഐഡന്റിറ്റികൾ അവകാശപ്പെടുന്നവരിൽ മഹാഭൂരിപക്ഷത്തിൻെറയും അവസ്ഥ മുകളിൽ പറഞ്ഞവ തന്നെയാണ്. സ്വതന്ത്രവാദികളുടേയും, ജനാധിപത്യവാദികളുടെയും ഒക്കെ തനി നിറം അറിയണമെങ്കിൽ വീട്ടിൽ അവരുടെ ഭാര്യയോടും മക്കളോടും ചോദിക്കണം.

വാദങ്ങൾ പാദരക്ഷകങ്ങൾ പോലെ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ എടുത്തണിയുകയും, കുടുംബത്തിനുള്ളിലേക്കു കയറും മുമ്പ് അഴിച്ചുവയ്ക്കുകയും ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

ജീവശാസ്ത്രപരമായി മനുഷ്യൻ ഇരു ‘ജനറ്റിക്കൽ ഡിസൈൻ’ ആണെങ്കിലും മനഃശാസ്ത്രപരമായി വ്യക്തിയെന്നാൽ ഒരു Social conditional product ആണ് എന്നതാണ് കാരണം. ഒരുവൻ്റെ അഭിരുചികളെയും, ശീലങ്ങളെയും, രൂപപ്പെടുത്തുന്നത് അവൻ അധിവസിക്കുന്ന സമൂഹമാണ്. സമൂഹത്തിൻ്റെ സ്വാധീനത്തിൽ നിന്നും കുതറിമാറി വ്യതിരിക്തനാകൽ ഏറക്കുറെ അസാധ്യമാണ്.

പക്ഷം, വാദം എന്നൊക്കെ നാം പേരിട്ടു വിളിക്കുന്ന സാമൂഹിക നിലപാടുകൾ അസംബ്ലിളി ലൈനിൽ വരിനിൽക്കുന്നതുപോലെ കൃത്യതയുള്ള അതിർത്തിനിലകളല്ല. മറിച്ച് ഒരു പ്രകാശ വർണ്ണ രാജിയിൽ അതിർത്തികൾ പരസ്പരം ലയിച്ചു കിടക്കുന്ന പോലുള്ള മനോനിലകളാണ്.

നിരീശ്വരത്വം പോലെയുള്ള അടിസ്‌ഥാന ബോധ്യങ്ങൾ ഒഴികെ സാമൂഹിക നിലപാടില്‍ ഒരാള്‍ ഇടതുപക്ഷത്തോ മറ്റോ ആണെന്ന അവകാശപ്പെടുന്നത് താന്‍ Yellow യിലാണെന്ന് പറയുമ്പോലെയാണ്. Yellow യിലാണെന്ന് പറയുമ്പോള്‍ Green ലേക്കും Orangeലേക്കും അതിര്‍ത്തികള്‍ ലയിച്ചു കിടക്കുന്ന Yellowയ്ക്ക് പ്രാമുഖ്യമുള്ള ഒരു ഇടത്തിലാണ് താന്‍ എന്ന് മാത്രമാണര്‍ത്ഥം.

എന്തെന്നാൽ ശരീരത്തെ പോലെ അതിര്‍ത്തികള്‍ക്കുള്ളില്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ കൂട്ടാക്കാത്ത പ്രതിഭാസമാണ് മനസ്സ്.

Article by Kureeppuzha Vincent

Disclaimer: The opinions expressed in this publication are those of the authors. They do not purport to reflect the opinions or views of Outgro or its members. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of Outgro concerning the legal status of any country, area or territory or of its authorities, or concerning the delimitation of its frontiers.

Share to

Leave a Reply

Your email address will not be published. Required fields are marked *