naviGate’23 സ്വാതന്ത്രചിന്താ സെമിനാർ
ചേർത്തലയുടെ ചരിത്രത്തിലെ ആദ്യത്തെ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാറും സംവാദവും 2023 മാർച്ച് 12 ഞായർ, ചേർത്തല മുട്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. Debate Link: youtube.com/Outgro

ദൈവമുണ്ടോ? എന്ന വിഷയത്തിൽ ഔട്‍ഗ്രോ – സ്വതന്ത്രചിന്താ സംഘടനയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ – നാസ്തിക സംവാദം നടത്തി. ഔട്‍ഗ്രോയുടെ പ്രശസ്ത സ്വതന്ത്രചിന്താ പ്രഭാഷകനായ അനൂപ് ഐസക്കും ക്രിസ്ത്യൻ അപ്പോളജറ്റിക്കൽ സംഘടനയായ ഗ്രേസെൽസിൻ്റെ പ്രതിനിധി ആഷിർ ജോൺണും തമ്മിലായിരുന്നു സംവാദം. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും പരിപാടി ശ്രദ്ധേയം ആയി. സ്വതന്ത്രചിന്തക്ക് വളക്കൂറുള്ള മണ്ണാണ് ചേർത്തലയുടേത് എന്ന് ഈ സെമിനാറോട് കൂടി വ്യക്തം ആയതായി ഭാരവാഹികൾ പ്രതികരിച്ചു.

ശാസ്ത്ര – മാനവിക – സ്വതന്ത്രചിന്താ സംഘടനയായ ഔട്ട്ഗ്രോ ഫൌണ്ടേഷൻ്റെ ആലപ്പുഴ യൂണിറ്റ് ചേർത്തലയിൽ സംഘടിപ്പിച്ച നാവിഗേറ്റ് എന്ന ഏകദിന സെമിനാറിലായിരുന്നു സംവാദം. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഈ സംവാദം അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ് ആണ് നിയന്ത്രിച്ചത്. ക്രിസ്റ്റ്യൻ അപ്പോളജെസ്റ്റിക് അസോസിയേഷൻ ആയ Grey Cells ഉം ആയി ചേർന്ന് ആണ് ഉച്ചക്ക് ശേഷം നടന്ന സംവാദം സംഘടിപ്പിച്ചത്.
സംവാദത്തിനു പുറമേ ‘ആവിശ്വാസികൾ മുടിഞ്ഞു പോകുമോ? ‘ എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയും ആയ ശ്രീ മൈത്രേയനുമായി റാം മഹേഷും, ‘ മുസ്ലീം വിരുദ്ധതയുണ്ടോ ? ‘ എന്ന വിഷയത്തിൽ ഹിന്ദു ഐക്യ വേദി പ്രതിനിധി ആർ. വി ബാബുവുമായി ഡോ. ആരിഫ് ഹുസൈനും നടത്തിയ സംവാദങ്ങൾ ശ്രദ്ധേയമായി. ജോസ് കണ്ടത്തിൽ, ഔട്ട്ഗ്രോ ഫൌണ്ടേഷൻ പ്രതിനിധി ഹരി മുഖത്തല, ക്യാപ്റ്റൻ റാം മഹേഷ്, വിൻസെണ്ട് കുരീപ്പുഴ, വിവിധ ജില്ലാ കോർഡിനേറ്റർമാരായ വിവേക് പട്ടത്താനം, അമൽ എബ്രഹാം, ആൻഡ്രൂസ് തെക്കുംപുറം എന്നിവർ സംസാരിച്ചു. Outgro ആലപ്പുഴ യൂണിറ്റ് കോർഡിനേറ്റർ രാം മഹേഷിൻ്റെ നേതൃത്വത്തിൽ ആണ് സെമിനാർ സംഘടിപ്പിച്ചത്. സംവാദ വീഡിയോ ഔട്‍ഗ്രോ യൂട്യൂബ് ചാനലിൽ ( youtube.com/Outgro ) ലഭ്യമാണ്.








