രാമൻ പുരുഷോത്തമനോ?
Author: Kureepuzha Vincent
ഈ വീഡിയോ കാണാൻ: https://youtu.be/gIJMsVLgNHA
രാം നവമിയെന്ന് നമ്മളിൽ എത്രപേർ മുമ്പ് കേട്ടിട്ടുണ്ട് ?
അപൂർവ്വം ചിലർ!
എന്നാൽ ഈ വർഷം രാം നവമിയെന്നു കേൾക്കാത്തവർ ഉണ്ടാവില്ല. അത്രയ്ക്കു കുപ്രസിദ്ധമാക്കിക്കളഞ്ഞു സംഘപരിവാർ ആ ദിവസത്തെ!
ഉത്തരേന്ത്യൻ സവർണ ഹൈന്ദവൻറെ പ്രാദേശിക ഉത്സവങ്ങൾ ദേശീയോത്സവങ്ങളായും അവരുടെ ഭാഷ ദേശിയ ഭാഷയും അവരുടെ ആഹാരം ദേശിയ ഭക്ഷണവും ആക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഒരു മുന്നറിയിപ്പാണ്. പ്രാദേശികതകൾക്കുമേൽ ദേശിയത പിടിമുറുക്കുന്നതിൻറെ, ബഹുദൈവങ്ങൾക്കുമേൽ ഏക ദൈവം പ്രതിഷ്ഠിക്കപ്പെടുന്നതിൻറെ , പല മതങ്ങൾക്കുമേൽ ഒരു മതം അധീശത്വം നേടുന്നതിൻറെ , ബഹുസ്വരത ഏകസ്വരതയ്ക്കു കീഴടങ്ങുന്നതിൻ്റെ, അങ്ങനെ അങ്ങനെ ഇന്ത്യ ഹിന്ദു രാഷ്ട്രമായ് മാറ്റപ്പെടുന്നതിൻറെ സൂചനകൾ.
1980 ൽ രൂപംകൊണ്ട ഒരു രാഷ്ട്രിയപ്പാർട്ടി , കേവലം 16 വർഷംകൊണ്ട് ഇന്ദ്രപ്രസ്ഥം പിടിച്ചെടുത്തത് രാമൻ എന്ന ഇതിഹാസ നായകനെ സാരഥിയാക്കി തേരുരുട്ടിയായിരുന്നു. ഉൾക്കാമ്പായ് ചരിത്രമോ പ്രേത്യയശാസ്ത്രമോ ഇല്ലാത്ത അവർ ചരിത്രത്തെ കുഴച്ചുമറിച്ചും കഥകളെ ചരിത്രമാക്കിയും പുരാണ കഥാപാത്രങ്ങളെ ചരിത്രപുരുഷന്മാരാക്കിയും ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ഇനി ഏറെദൂരമില്ലായെന്നവിധം ഗതിവേഗമാർജ്ജിച്ചുകഴിഞ്ഞു.ഈ പ്രതിസന്ധി ഘട്ടത്തിൽ ; മൗനത്തിൻറെ വാല്മീകം പൊട്ടിച്ച് ഒരോർത്തരും പകൽ വെളിച്ചത്തിലേക്കു ഇറങ്ങി വരേണ്ടതുണ്ട്. സംഘപരിവാർ ഉയർത്തിക്കാട്ടുന്ന രാമൻ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. രാമായണം അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.