OUTGRO DEBATE SERIES

സംവാദങ്ങളുടെ ഘടനയും നിബന്ധനകളും:

സംവാദം വിവിധ റൗണ്ടുകളായാണ് നടത്തപ്പെടുന്നത്. ഓരോ സംവാദകനും അനുവദിച്ചിട്ടുള്ള തുല്യവും, നിശ്ചിതവുമായ സമയക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സംവാദകർക്ക് തുല്യ പരിഗണനയും അവസരവും വേദിയിൽ നൽകുന്നതാണ്. സംവാദം നയിക്കുന്നത് ഏക മോഡറേറ്റർ ആയിരിക്കും. പൊതുചോദ്യത്തരവേളകളില്‍ ഒഴികെ സദസ്സുമായി നേരിട്ടുള്ള ഇടപെടലുകൾ ഇത്തരം വിഷയങ്ങളിൽ സംവാദകർ ഒഴിവാക്കേണ്ടതാണ്. വിഷയാവതരണവും വാദപ്രതിവാദങ്ങളും പ്രേക്ഷകരുടെ ചോദ്യങ്ങളും ഉപസംഹരണവുമടക്കം 7 റൗണ്ടുകളായിരിക്കും സംവാദം. ഓരോ സംവാദകനും തനിക്ക് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രം സംസാരിക്കേണ്ടതും എതിർ സംവാദകൻ സംസാരിക്കുന്ന സമയത്ത് യാതൊരു വിധത്തിലുമുള്ള ഇടപെടലുകളും നടത്താതെ പ്രതിപക്ഷ ബഹുമാനം പുലർത്തേണ്ടതുമാണ്. സംവാദകർ ഉപസംഹരണ സമയത്ത് പുതിയ വാദഗതികൾ ഉന്നയിക്കാൻ പാടുള്ളതല്ല.

മോഡറേറ്റർ: സംവാദത്തിന്റെ സുഗമമായ നടത്തിപ്പിന് ഉപകരിക്കും വിധം സഹായിക്കുക, പൊതുഅച്ചടക്കവും സമയക്രമവും പാലിക്കുക എന്നിവയാണ്‌ മോഡറേറ്ററുടെ ചുമതല. സംവാദ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുവാനോ, അഭിപ്രായം പറയുവാനോ വിധി പ്രസ്താവിക്കുവാനോ, ഏതെങ്കിലും വശത്തിനു അനുകൂലമായോ പ്രതികൂലമായോ ഇടപെടാനോ മോഡറേറ്റർക്ക് അനുവാദമില്ല.

സംവാദ സമയക്രമം

Round 1 – വിഷയാവതരണം: 20min x 2 = 40min 

ഇരു സംവാദകർക്കും 20 മിനിറ്റ് വീതം ആകെ 40 മിനിറ്റ്

Round 2 – വാദപ്രതിവാദം: 10min x 2 = 20min

ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

Round 3 – വാദപ്രതിവാദം: 10min x 2 = 20min

ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

Round 4 – വാദപ്രതിവാദം: 10min x 2 = 20min

ഇരു സംവാദകർക്കും 10 മിനിറ്റ് വീതം – ആകെ 20 മിനിറ്റ്

Round 5 – വാദപ്രതിവാദം: 10min x 2 = 20min

ഇരു സംവാദകർക്കും 10min വീതം – ആകെ 20min

Round 6 – ഉപസംഹരണം

ഇരു സംവാദകർക്കും 10min വീതം – ആകെ 20min

Round 7 – പ്രേക്ഷകരുടെ ചോദ്യങ്ങൾ

ഇരു സംവാദകർക്കും 20min വീതം – ആകെ 40min
ഈ റൗണ്ടിൽ പ്രേക്ഷകർ എഴുതി നൽകുന്ന ചോദ്യങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. സമയ പരിധിക്ക് ഉള്ളിൽനിന്നും പ്രേക്ഷകർ എഴുതി നൽകിയിട്ടുള്ള എത്ര ചോദ്യങ്ങൾക്ക് വേണമെങ്കിലും ഉത്തരം നൽകാവുന്നതാണ്.

ആകെ ദൈർഘ്യം: 180min.

NB: ആദ്യ റൗണ്ടിൽ ആദ്യം സംസാരിച്ചു തുടങ്ങേണ്ടുന്ന സംവാദകനെ പരസ്പര ധാരണയിലോ, Tossing പ്രക്രിയയിലൂടെയോ തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യ റൗണ്ടിൽ രണ്ടാമത് സംസാരിച്ചു തുടങ്ങുന്ന സംവാദകൻ ആയിരിക്കും ചോദ്യോത്തരവേളയിൽ (Round 7) ആദ്യം സംസാരിക്കുക.

നിബന്ധനകൾ:

രണ്ട് പേര്‍ നടത്തുന്ന നേര്‍ക്കുനേര്‍ വാക്കാലുള്ള സംവാദം ആയിട്ടാണ് Outgro Foundation ഈ സംവാദം രൂപകൽപ്പന ചെയ്തിട്ടുള്ളത്. പവര്‍പോയന്റ്/വീഡിയോ സഹായത്തോടെയുളള ഡിബേറ്റുകളും നടക്കാറുണ്ട്. ഇരു സംവാദകര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മാത്രം അത്തരം ഓപ്ഷനുകളും പരിഗണിക്കുന്നതാണ്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഡിബേറ്റ് തീരുമാനിക്കുമ്പോൾ തന്നെ അറിയിക്കേണ്ടതാണ്. 

പവര്‍പോയന്റ്/വിഡിയോ പ്രദര്‍ശനം നടത്തുന്ന സംവാദകര്‍ അത്തരം ഉപാധികള്‍ ഉപയോഗിക്കുമ്പോള്‍ താഴെപ്പറയുന്ന നിബന്ധനകള്‍ കര്‍ശനമായും പാലിച്ചിരിക്കണം.

  1. അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പവര്‍പോയന്റ്/ വീഡിയോ ദൃശ്യങ്ങള്‍ ചുരുങ്ങിയത് ഡിബേറ്റിന് അഞ്ചു ദിവസത്തിന് മുമ്പ് (5 days) email@outgro.org എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്. ഇങ്ങനെ സബ്മിറ്റ് ചെയ്യുന്ന അവതരണങ്ങള്‍ ഇരു സംവാദകര്‍ക്കും അപ്പോള്‍ തന്നെ മെയില്‍ ചെയ്തു കൊടുത്തുകൊണ്ട് അവയെ ആസ്പദമാക്കി തയ്യാറെടുപ്പ് നടത്താനുള്ള തുല്യ അവസരം നല്‍കുന്നതാണ്. മേൽപ്പറഞ്ഞ സമയപരിധിക്ക് ശേഷം ലഭിക്കുന്ന പവര്പോയിന്റ്/വിഡിയോ ദൃശ്യങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തുന്നതല്ല.
  2. വീഡിയോകളില്‍ തെറ്റായ വിവരങ്ങള്‍ (false information), അതിശയോക്തി കലര്‍ന്ന ആഖ്യനങ്ങള്‍ (far fetched conceits), തെളിവില്ലാത്ത അവകാശവാദങ്ങള്‍ (claims without evidence), അശ്ലീലം (obscenity), നിയമവിരുദ്ധമായ കാര്യങ്ങള്‍ (illegal elements) എന്നിവ ഉള്‍പെട്ടിട്ടുള്ളതായി കണ്ടെത്തിയാല്‍ അവതരണാനുമതി നല്‍കുന്നതല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A(h) ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് Medical Charlatanism, Pseudo science, Propaganda, Conspiracy theories എന്നിവ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ക്കോ ക്ലിപ്പുകള്‍ക്കോ വിസിബിലിറ്റി നല്‍കാന്‍ ഈ പ്ലാറ്റ്‌ഫോമുകൾ യാതൊരു വിധത്തിലും ഉപയോഗിക്കാൻ പാടുള്ളതല്ല. അവതരണാനുമതി ലഭിക്കാത്ത വീഡിയോകളുടെ വിശദീകരണമുൾപ്പെടെ മോഡറേറ്റര്‍ False and concocted video/presentation എന്നു സംവാദവേദിയില്‍ പരസ്യമായി പ്രഖ്യാപിക്കുന്നതായിരിക്കും. പ്രസ്തുത വീഡിയോയോട് പ്രതികരിക്കാനുള്ള ബാധ്യത എതിര്‍ സംവാദകര്‍ക്കോ പ്രേക്ഷകര്‍ക്കോ ഉണ്ടായിരിക്കില്ല.
  3. അവതരിപ്പിക്കുന്ന വീഡിയോ-ഓഡിയോ ക്ലിപ്പുകള്‍ ആരാണ് നിര്‍മ്മിച്ചത്, നിര്‍മ്മാണവര്‍ഷം, ഉള്ളടക്കം, അവ ഉപയോഗിക്കാനുള്ള കോപ്പിറൈറ് അവകാശം സംബന്ധിച്ച വിവരങ്ങൾ, ലിങ്ക് തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യ പ്രഖ്യാപനം അവതരണത്തിന് മുമ്പ് സംവാദകര്‍ നടത്തിയിരിക്കണം, അതുസംബന്ധിച്ച എല്ലാ വിവരങ്ങളും അവതരണത്തിലും ഉള്‍പെടുത്തിയിരിക്കണം. അവതരിപ്പിക്കപെടുന്നത് കേവലമായ പ്രൊപഗാന്‍ഡ ക്ലിപ്പുകളല്ലെന്നും വസ്തുനിഷ്ഠവും തെളിവധിഷ്ഠിതവും ശരിയാണെന്ന ഉത്തമബോധ്യത്തോടെ ഉപയോഗിക്കുന്നവയാണെന്നും ഇരുസംവാദകരും പ്രഖ്യാപിക്കേണ്ടതുണ്ട്. അത്തരം ക്ലിപ്പുകളും അവതരണങ്ങളും സംവാദകന്റെ സ്വന്തം അഭിപ്രായങ്ങളോ വാദങ്ങളോ ആയി പരിഗണിക്കുന്നതല്ല. അതേസമയം, supporting document ആയി സ്വീകരിക്കും.
  4. അവതരിപ്പിക്കുന്ന വീഡിയോ-ഓഡിയോ ക്ലിപ്പുകളിലെ ഓരോ വാക്കും വാചകവും സന്ദര്‍ഭവും സംബന്ധിച്ച കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാന്‍ സംവാദകര്‍ ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച എതിര്‍ സംവാദകന്റെയും പ്രേക്ഷകരുടെയും ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടികളും വിശദീകരണങ്ങളും നല്‍കേണ്ടതുണ്ട്. ഇക്കാര്യം മോഡറേറ്റര്‍ ഉറപ്പുവരുത്തണം. ഇതിനായി ചോദ്യോത്തര വേളയില്‍ ഒരു പ്രത്യേക വീഡിയോ സ്‌കാന്‍ റൗണ്ട് (video scan round) ഉണ്ടായിരിക്കുന്നതാണ്.
  5. Video അവതരണം സംബന്ധിച്ച് എത്ര ചോദ്യങ്ങളാകാം എന്നൊരു നിബന്ധനയില്ല. തങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്ന വീഡിയോ കൃത്യമായും എന്താണ് എന്ന് ഇരുസംവാദകരും മുന്‍കൂട്ടി ഉറപ്പ് വരുത്തിയിരിക്കണം. ക്ലിപ്പുകളിലെ തെറ്റായ വിവരം (false information), കൃത്യതയില്ലായ്മ (inaccuracy), തെറ്റായ പ്രാതിനിധ്യം (False representation), അശ്ലീലം (obscenity), കുട്ടികളുടെ നഗ്നത (child nudity), ഭീകരത (terror and violence), നിയമവിരുദ്ധമായ കാര്യങ്ങള്‍ (illegal matters) എന്നിവ സംബന്ധിച്ച ഉത്തരവാദിത്വം അവതരിപ്പിക്കുന്ന സംവാദകര്‍ക്ക് മാത്രമായിരിക്കും. ഉദാ- ഒരു രാജ്യത്തിന്റെ ഭൂപടം തെറ്റായി അവതരിപ്പിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവതാരകര്‍ക്കായിരിക്കും. സംവാദകരുടെ നിയമപരമായ വീഴ്ചയ്ക്ക് Outgro ഉത്തരവാദി ആയിരിക്കില്ല.
  6. ഈ സംവാദ പരിപാടി യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നതാകയാൽ മറ്റേതെങ്കിലും ഏജൻസികൾക്ക് കോപ്പിറൈറ്റ് അവകാശമുള്ള കണ്ടെന്റുകൾ അനുവദിക്കുന്നതല്ല. മറ്റ് ഏജന്‍സികളില്‍ നിന്നും കടമെടുക്കുന്നതിന് പകരം സംവാദത്തിന് വേണ്ടി സ്വന്തമായി ഓഡിയോ-വീഡിയോ ക്ലിപ്പുകളും സംവാദകര്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. സംവാദത്തിന്റെ പുതുമയും ആധികാരികതയും നിലനിറുത്താന്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ സഹായിക്കും. സംവാദകര്‍ പ്രേക്ഷകരുടെ കാര്യങ്ങള്‍ വിശദീകരിക്കാനായി ഉപയോഗിക്കുന്ന ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ക്ക് ബാഹ്യ ഏജന്‍സിയുടെ ഉത്പന്നങ്ങളാണെങ്കില്‍ അവയ്ക്ക് നേരിട്ട് മറുപടി പറയാന്‍ എതിര്‍ സംവാദകര്‍ക്ക് ബാധ്യതയില്ല. പകരം സംവാദത്തില്‍ ഉന്നയിക്കപെടുന്ന ആശയങ്ങളും വാദങ്ങളും മാത്രം പരിഗണിച്ചാല്‍ മതിയാകും. ഒരു സംവാദകന്‍ ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ട് മറ്റേയാളും അതനുകരിക്കണം എന്ന് നിബന്ധനയില്ല. ഈ സംവാദ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവിധ അന്വേഷണങ്ങളും email@outgro.org എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
  7. സംവാദത്തിൻ്റെ വീഡിയോയുടെ പകർപ്പവകാശവും, സംപ്രേക്ഷണ അവകാശവും ഇരു സംഘടനകൾക്കും യാതൊരു നിബന്ധനകളും ഇല്ലാതെ ഉണ്ടായിരിക്കുന്നതാണ്.
Share to