Article by Veena Viswanath
സമകാലിക സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ പോലും മതത്തിന്റെ കാടൻ പിടുത്തങ്ങൾക്ക് വ്യക്തമായ ലക്ഷ്യ ബോധത്തോടെ ഇരയാക്കുകയും, അതിലൂടെ കൃത്യമായ വർഗീകരണം നടപ്പിലാക്കി തങ്ങളുടെ സങ്കുചിത താൽപര്യങ്ങളെ വേണ്ടതിലും മനോഹരമായി സംതൃപ്തമാക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കിടയിലിന്നുണ്ട്. ജാതി മത വർഗ വർണ ലിംഗഭേതമന്യേ ഭൂരിപക്ഷം മനുഷ്യർക്കിടയിലും മതത്തിന്റെ അടിസ്ഥാനത്തിൽ തന്റേതെന്നും അന്യന്റേതെന്നുമുള്ള വിഭാഗീയ വീക്ഷണം അത്യന്തം അപകടകരമായ നിലയിൽ നിലനിൽക്കുന്നത് പല മനുഷ്യനിർമിത ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. മതവും അതിന്റെ വക്രകേളികളും ഇന്നലെമാത്രം ജനിക്കുകയും ഒരു ഫിക്ഷൻ നോവലിലെ അസാധാരണ കഥാപാത്രം പോലെ നിമിഷങ്ങൾ കൊണ്ട് വളർന്ന് പന്തലിക്കുകയും ചെയ്തതല്ല എന്ന് നമുക്കെല്ലാം അറിയാം. മനുഷ്യൻ ഗോത്രമാനവികതയിൽ ജീവിച്ചു തുടങ്ങുന്ന കാലത്തിന് മുന്നേ ഈ വിഭാഗീയതയുടെ പ്രാകൃത രൂപം കാണാവുന്നതാണ്. ഗോത്രമാനവിക സമൂഹത്തിൽ കൂടുതൽ പ്രകടമായ പ്രാകൃത രൂപം കൈവരിച്ചു എന്നത് നിസംശയം പറയാവുന്നതുമാണ്. പക്ഷെ വിശ്വാസങ്ങൾ, ദൈവ സങ്കൽപ്പം, ആചാരങ്ങൾ എന്നിവയുടെ പ്രാകൃത രൂപങ്ങൾ ഇതിന് മുന്നേ ജന്മംകൊണ്ടിരുന്നു. അവിടെനിന്നും ആയിരക്കണക്കിന് വർഷങ്ങളെടുത്താണ് ഇന്ന് നാം കാണുന്ന രൂപത്തിൽ മതം രൂപീകൃതമായത്.
കാൾ മാർക്‌സ് തന്റെ “Contribution to the Critique of Hegel’s Philosophy of Right – 1844” എന്ന പ്രബന്ധം ആരംഭിക്കുന്നത് തന്നെ “മനുഷ്യൻ മതത്തെ സൃഷ്‌ടിക്കുന്നു; മതം മനുഷ്യനെ സൃഷ്‌ടിക്കുന്നില്ല” എന്ന പ്രസ്താവനയോടെയാണ്. ഈ പ്രസ്താവന മുന്നോട്ട് വെക്കുന്ന വസ്തുത എത്ര ബ്രിഹത്തായതാണ്. മതത്തിന്റെ ജനനയിടവും വാസയിടവും മനുഷ്യമനസാണ്. മനുഷ്യനും അവന്റെ മസ്തിഷ്കവുമില്ലാത്ത ഒരു അവസ്ഥയിൽ മതത്തിന്റെ നിലനിൽപ്പ് എങ്ങനെയായിരിക്കും?
ആന്തരികവും ബാഹ്യവുമായ രണ്ട് തരത്തിലുള്ള നിലനിൽപ്പാണ് മതത്തിനുള്ളത്. വിശ്വാസപരവും തത്വാധിഷ്‌ഠിതവുമായ ആത്മീയ സ്വഭാവമുള്ള ആന്തരികവശവും, ആരാധനാലയങ്ങളും അനുബന്ധ നിർമിതികളും, മതരചനകളും അനുബന്ധ എഴുത്തുകളും, മതവും ദൈവ സങ്കൽപ്പവും വിവരിക്കുന്നതോ പരാമര്ശിക്കുന്നതോ ആയ രചനകൾ എന്നിവ ഉൾക്കൊള്ളുന്ന ബാഹ്യമായ വശവും. ഇതിൽ ആന്തരികമായ വശം മനുഷ്യമസ്തിഷ്കത്തിലാണ് നിലകൊള്ളുന്നത്. എന്നാൽ ബാഹ്യമായ വശം മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവർത്തനഫലമായി മസ്തിഷ്കത്തിന് പുറത്ത് സ്ഥിതിചെയ്യുന്നവയാണ്. അതിനാൽ മനുഷ്യനോ മനുഷ്യ മസ്തിഷ്‌കമോ ഇല്ലാതാകുന്ന അവസരത്തിൽ ബാഹ്യമായ മതത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുകയും, മതത്തിന്റെ ജീവൻ നിലനിൽക്കുന്ന ആന്തരികവശത്തിന് നാശം സംഭവിക്കുകയും ചെയ്യുന്നു. മനുഷ്യനില്ലാത്ത ഒരു നിലനിൽപ്പ് മതത്തിനില്ല. മനുഷ്യനിൽ മതം എന്തുകൊണ്ട് ജനിച്ചു എങ്ങനെ നിലനിൽക്കുന്നു എന്നത് മനസിലാക്കുന്നതിന് മുമ്പ് ആരാണ് മനുഷ്യൻ എന്നത് അറിയേണ്ടത് അനിവാര്യമാണ്.
ആരാണ് മനുഷ്യൻ?
ജന്തുശാസ്ത്രം ജന്തുക്കളെ ആകമാനം മണ്ഡലം ( Phylum ), വിഭാഗം ( class ) , ക്രമം ( order ), കുടുംബം ( family ), ഗണം ( genus ), ഇനം ( Species ) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നുണ്ട്. ഹോമോ എന്നാൽ മനുഷ്യൻ എന്നാണ് അർത്ഥം വരുന്നത്. ഈ ജന്തുഗണത്തിൽ മനുഷ്യൻ ഉൾപ്പെടെ ധാരാളം ഇനങ്ങളും ഉപയിനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് ഭൂലോകത്ത് നിലനിൽക്കുന്ന നമ്മൾ ( മനുഷ്യർ ) ഹോമോ സാപിയൻസ് എന്ന ഇനത്തിലും ഹോമോ സാപിയൻസ് സാപിയൻസ് എന്ന ഉപയിനത്തിലും ഉൾപെടുന്നു. ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഹോമോ, സാപിയൻസ് എന്നീ രണ്ട് പദങ്ങളും ലത്തീൻ ഭാഷയിൽ നിന്നും കടംകൊണ്ടവയാണ്. ഈ വാക്കുകളുടെ അർത്ഥം ‘അറിയുന്ന മനുഷ്യൻ’ എന്നാണ്. മറ്റെല്ലാ ജീവിവർഗങ്ങളെയും പോലെ തന്നെ മനുഷ്യനും ലക്ഷക്കണക്കിന് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പരിണാമത്തിലൂടെയാണ് ഉണ്ടായത്. പരിണാമ പഠനം അതി വിശാലമായ ശാസ്ത്ര ശാഖയാണ്. അതിൽ കായിക നരവംശശാസ്ത്രം, പൗരാണിക നരവംശശാസ്ത്രം, ഭാഷാശാസ്ത്രം എന്നിങ്ങനെ അനവധി ശാസ്ത്രശാഖകളുടെ കൂടിച്ചേരലിനും വിധയമാകുന്നുണ്ട്. പരിണാമ പഠനത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഹോമോ എന്ന ഗണത്തിൽ തന്നെ ധാരാളം ഇനങ്ങളും ഉപ ഇനങ്ങളും ഉണ്ടെന്ന് നമ്മൾ സൂചിപ്പിച്ചു. ഹോമോ റുഡോൾഫെൻസിസ് ( homo rudolfensis ), ഹോമോ എർഗാസ്റ്റർ (homo ergaster), ഹോമോ ജോർജിക്കസ് ( homo georgicus), ഹോമോ ആന്റിസെസ്സർ ( homo antecessor), ഹോമോ സെപ്രാൻസിസ് ( homo cepranensis) എന്നിങ്ങനെ നീളുന്നു അവയുടെ നിര. ഇവയിൽ കൂടുതലും അനേകലക്ഷം വർഷങ്ങൾ ഭൂമിയിൽ നിലനിന്ന ശേഷം വംശനാശം സംഭവിച്ചതായി പഠനങ്ങളിലൂടെ തെളിയുന്നുണ്ട്. ഹോമോ എന്ന ഗണത്തിൽ പെട്ട എല്ലാ ഇനം ജീവികളും ഇന്നത്തെ മനുഷ്യനെ പോലെ കാര്യകാരണ ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ചിന്താശേഷി ഉണ്ടായിരുന്നവരാണ് എന്ന് അനുമാനിക്കാൻ കഴിയില്ല. പക്ഷെ പരിണാമ ഘട്ടത്തിൽ വളരെ അടുത്ത കാലത്ത് വംശനാശം സംഭവിച്ചുപോയ നിയാണ്ടർത്താൽ മനുഷ്യർക്ക് ചിന്താശേഷി ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പക്ഷെ ഇന്നത്തെ മനുഷ്യനോളം വികസിച്ചതായിരുന്നില്ല അവരുടെ മസ്തിഷ്കം എന്നതും നമ്മൾ നോക്കിക്കാണണം. അത് തന്നെയാണ് അവരുടെ വംശനാശത്തിന് കാരണമായത് എന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
പരിണാമ ചരിത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മനുഷ്യൻ വെറുമൊരു ആൾകുരങ് മാത്രമാണ് എന്നുള്ള പരാമർശങ്ങൾ ശാസ്ത്രലോകത്തെ തലതൊട്ടപ്പന്മാർക്ക് വരെയുണ്ട്. എന്നാൽ മനുഷ്യൻ വെറുമൊരു ആൾകുരങ് മാത്രമാണോ? ഘടനാശാസ്ത്രപരമായി, നാഡീശാസ്ത്രപരമായി, ജനിതകപരമായി, ശരീരശാസ്ത്രപരമായി നമ്മൾ അൽക്കുരങ്ങുകൾ തന്നെയാണ്, സസ്തനികളാണ്, നട്ടെല്ലുള്ള മൃഗവുമാണ്. പക്ഷെ നമ്മൾ വെറുമൊരു ആൾക്കുരങ്ങുമാത്രമല്ല ഇതിനുമൊക്കെയപ്പുറം തീർത്തും അനന്യവും അത്ഭുതപൂർവവും മേൽപ്പറഞ്ഞവയെയൊക്കെ അതിലംഘടിക്കുന്ന വിസ്മയകരവുമായ നവീനമായ ഒന്ന് കൂടിയാണ്. രാസക്രിയകൾക്കും സഹജമായ ഛേദനകൾക്കും അപ്പുറം ഇനിയും നിർണയിക്കാനായിട്ടില്ലാത്ത ഒരുപക്ഷേ പരിധികളില്ലാത്ത സാധ്യതകളുള്ള ഒരു അട്ടിമറിയാണ് നമ്മൾ. കാര്യകാരണ ബോധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാനുള്ള ശേഷിമാത്രമല്ല മനുഷ്യനെ മനുഷ്യനാക്കുന്നത്. അവന്റെ മസ്തിഷ്കം അത്ഭുതങ്ങളുടെ കലവറയാണ്. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ മനശാസ്ത്രവകുപ്പിലും നാഡീശാസ്ത്രപ്രോഗ്രാമിലും പ്രഫസറായി പ്രവർത്തിക്കുന്ന ഡോ. വി. എസ്. രാമചന്ദ്രൻ തന്റെ മസ്തിഷ്കം കഥ പറയുന്നു ( The Tell-Tale Brain) എന്ന കൃതിയിൽ മനുഷ്യ മസ്തിഷ്കത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്;
” എങ്ങനെയാണ് നിങ്ങളുടെ കൈക്കുമ്പിളിൽ ഒതുക്കാനാവുന്ന മൂന്ന് പൗണ്ട് ഭാരമുള്ള ജെല്ലിക്ക് മാലാഖമാരെ സ്വപ്നം കാണാനാവുന്നതും അനന്തതയുടെ അർത്ഥം ആരായാനാവുന്നതും? എന്തിനേറെ, മഹാപ്രപഞ്ചത്തിൽ സ്വന്തം സ്ഥാനം അന്വേഷിക്കാനും അതിനെങ്ങനെ സാധിക്കുന്നു? ഇതിലെല്ലാം സ്തോഭജനകമായ വസ്തുതയെന്തെന്നാൽ സഹസ്രകോടി വർഷങ്ങൾക്കു മുമ്പ് അപാരതയിൽ ചിതറിക്കിടന്ന എണ്ണമറ്റ നക്ഷത്രങ്ങളുടെ ഹൃദയഭാഗത്ത് നിലകൊണ്ട അതേ അറ്റങ്ങൾ കൊണ്ടാണ് നിങ്ങളുടേതുൾപ്പെടെയുള്ള ഓരോ മസ്തിഷ്കവും നിർമിക്കപ്പെട്ടിരിക്കുന്നുവെന്നതാണ്. അവസാനം ഗുരുത്വവും യാദൃശ്ചികഥയും ഒരുമിച്ചു സമ്മേളിച്ച്‍ അവയെ കൂട്ടിയിണക്കി നിങ്ങളുടെ മസ്തിഷ്കത്തിന് രൂപം കൊടുക്കുന്നത് വരെ യുഗങ്ങളോളം, നക്ഷത്രവർഷങ്ങളോളം നീണ്ട കാലഘട്ടങ്ങളിൽ ഈ കണങ്ങൾ പ്രപഞ്ചമെങ്ങും പാറിപ്പറന്നു കിടക്കുകയായിരുന്നു. ആ അറ്റങ്ങൾ ഇന്നൊരു സമുച്ചയമായി മാറിയിരിക്കുന്നു അതാണ് നിങ്ങളുടെ മസ്തിഷ്കം. ജന്മമേകിയ അതേ നക്ഷത്രങ്ങളേക്കുറിച്ച്‍ ചിന്തിക്കാനാവുമെന്ന് മാത്രമല്ല ചിന്തിക്കാനും അത്ഭുതപ്പെടാനും ഈ അവയവത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആഗമനത്തോടെ ഈ പ്രപഞ്ചത്തിന് പെട്ടെന്ന് സ്വന്തം അസ്തിത്വത്തെക്കുറിച്ച് ബോധോദയം ഉണ്ടായെന്ന് പറയാറുണ്ട്. സത്യത്തിൽ ഇതാണ് ഏറ്റവും വലിയ നിഗുഢത.”
മനഃശാസ്ത്രപരമായ ഒരു നിഗുഢതയുടെ ഫലമായിട്ടാണ് മതം ജനിച്ചതും ഇന്ന് കണ്ട നിലയിലേക്ക് വളർന്ന് പന്തലിച്ചതും. ആ നിഗൂഢതയിലേക്കാണ് ഇനി നമുക്ക് സഞ്ചരിക്കേണ്ടത്.
മനുഷ്യൻ തന്റെ നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ വ്യക്തമായ ചട്ടക്കൂട് നൽകി സ്വബോധത്തിന്റെ പുറത്ത് ഒരുനാൾ നിർമിച്ചുണ്ടാക്കിയ ഒന്നല്ല മതം. മനഃശാസ്ത്രപരമായ ആവശ്യങ്ങളുടെ പുറത്ത് കാലാകാലങ്ങളായി മനുഷ്യൻ അവനറിയതെ അവനിൽ നിർമിച്ചുണ്ടാക്കിയ ഒന്നാണ് മതവും ദൈവസങ്കൽപ്പവും എല്ലാം. 1841 ൽ പ്രസിദ്ധീകരിച്ച ലുഡ് വിഗ് ഫോയർബാഹിന്റെ the Essence of Christianity എന്ന കൃതി ആരംഭിക്കുന്നത് ഇങ്ങനെയാണ്.
“മനുഷ്യൻ അവനിൽ നിന്നുതന്നെ വേർപെടുത്തിയ സ്വരൂപമാണ് മതം. മനുഷ്യർ അവന്റെ തന്നെ പ്രതിപക്ഷതയായി ദൈവത്തെ മുന്നിൽ നിർത്തുന്നു. മനുഷ്യൻ എന്തല്ലയോ അതാണ് ദൈവം – ദൈവം എന്താണോ അതല്ല മനുഷ്യൻ. ദൈവം അനശ്വരനാണ്; മനുഷ്യൻ നശ്വരനാണ്. ദൈവം പരിപൂർണ്ണനാണ്: മനുഷ്യൻ ദുർബലനാണ്. ദൈവം അനന്തനാണ്; മനുഷ്യൻ കാലാനുസാരിയാണ്. ദൈവം പരിശുദ്ധനാണ്; മനുഷ്യൻ പാപിയാണ്…”
ഇവിടെ അബ്രഹാമിക്ക് മതങ്ങളുടെ പശ്ചാത്തലത്തിലാണ് ദൈവസങ്കല്പത്തെ ലുഡ് വിഗ് ഫോയർബാഹ് വിവരിക്കുന്നത്. എന്നിരുന്നാലും ഭൂരിപക്ഷ മതവിശ്വസികൾക്കിടയിലെയും ദൈവസങ്കല്പം ഒരു പരിധിവരെ ഇതിനോട് യോചിച്ചു നിൽക്കുന്നവയാണ്. ഇങ്ങനെ ഒരു സങ്കല്പബോധം മനുഷ്‌മസ്തിഷ്കത്തിൽ തന്നെ വളർന്ന് പന്തലിച്ചു നിൽക്കുന്നത് ഇത് ജനിച്ച മസ്തിഷ്കത്തെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് എന്നത് കൗതുകകരമാണ്. ഇതിന് കാരണം മനുഷ്യൻ ഏറ്റവും ഒടുവിൽ മനസിലാക്കിയതും ഇതുവരെയും പൂർമായി മനസിലാക്കാത്തതുമായ ഒന്നാണ് അവന്റെ മസ്തിഷ്കം. മതത്തെ ജനിപ്പിച്ച മസ്തിഷ്ക രഹസ്യം എന്താണെന്ന് നോക്കേണ്ടതുണ്ട്. അതിന് മുന്നോടിയായി എന്താണ് മതം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
എന്താണ് മതം?
- അമാനുഷമായ ഒരു അധീശശക്തിയിലുള്ള വിശ്വാസവും, അതിനോടുള്ള ഭക്തിയും, അതിനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹവും സൂചിപ്പിക്കുന്ന നടപടി അഥവാ വ്യവഹാരം; ഇക്കാര്യത്തിൽ പൊരുൾ ഉൾക്കൊള്ളുന്ന ചര്യകളോ അനുഷ്‌ഠാനങ്ങളോ.
- അത്യുന്നതമായ ഏതോ അദൃശ്യശക്തി വിധിയെ നിയന്ത്രിക്കുന്നുവെന്നും ആ ശക്തി അനുസരണയും ഭക്തിയും ആരാധനയും അർഹിക്കുന്നുവെന്നും ഉള്ള മനുഷ്യന്റെ വിശ്വാസം; വ്യക്തിയുടെയും സമൂഹത്തിന്റെയും കാര്യങ്ങൾ സംബന്ധിച്ച് ഈ വിശ്വാസത്തിൽ നിന്നുത്ഭുതമാകുന്ന മാനസികവും ധാർമികവുമായ ഭാവങ്ങൾ; ആത്മീയമോ പ്രയോഗികമോ ആയ ജീവിതത്തിന്റെ പ്രാമാണികരൂപം ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് വ്യക്തിയോ സമൂഹമോ അംഗീകരിച്ച അവസ്ഥ.
മതം എണ്ണർത്ഥമുകള്ള Religion എന്ന ഇംഗ്ലീഷ് പദത്തിന് ഓക്സ്‌ഫെഡ് ഇംഗ്ലീഷ് ഡിക്ഷ്‌ണറിയിൽ നൽകിരിക്കുന്ന നിർവചനങ്ങളുടെ മലയാള വിവർത്തനമാണ് മുകളിൽ നൽകിയിട്ടുള്ളത്. ഈ നിർവചനങ്ങൾ ഭൂമിയിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ മതങ്ങളെയും പ്രതിനിധാനം ചെയ്യുന്നില്ല. ഈ നിർവചനം പ്രപഞ്ചത്തെ സൃഷ്‌ടിച്ച് പരിപാലിക്കുന്ന ഒരു ദൈവം ഉണ്ടെന്ന വിശ്വാസപ്രമാണം വെച്ചുപുലർത്തുന്ന ആസ്തിക്യമതങ്ങളെ ( Theistic Religions ) മാത്രമേ ഉന്നംവെക്കുന്നുള്ളൂ. ലോകത്തിന്റെ പല കോണുകളിലായി സാഹചര്യങ്ങൾക്ക് അനുസരിച്ച് പല മുഖങ്ങൾ പേറി നിലകൊള്ളുന്ന മതങ്ങളെയാകെ അടയാളപ്പെടുത്തുന്ന സർവ്വസമ്മതിയായിട്ടുള്ള ഒരു നിർവചനം ഇനിയും വരേണ്ടിയിരിക്കുന്നു. അങ്ങനെ ഒന്ന് വരുന്നുണ്ടെങ്കിൽ തന്നെ അത് എങ്ങനെ അടയാളപ്പെടുത്തണം എന്ന് പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.
“വ്യക്തിക്കോ സമൂഹത്തിനോ ഈ ജീവിതത്തിലോ മരണത്തിനുശേഷം ഉണ്ടെന്നു വിശ്വസിക്കുന്ന മരണാനന്തര ജീവിതത്തിലോ എന്തെങ്കിലും ഗുണം കിട്ടുന്നതിനോ ദോഷം അകറ്റുന്നതിനോ വേണ്ടി പ്രാകൃതികമോ പ്രകൃത്യാതീതമോ ആയ ഒന്നോ അതിലധികമോ അസ്തിത്വങ്ങളെയോ രൂപരഹിത ശക്തികളെയോ സംവിധാനങ്ങളെയോ പ്രീതിപ്പെടുത്തലുകളിലൂടെയും പ്രാർത്ഥനകളിലൂടെയും പ്രേരിപ്പിക്കുന്ന തരത്തിലുള്ള മനുഷ്യരുടെ ചിന്തകളെയും പ്രവൃത്തികളെയും ഉൾക്കൊള്ളുന്ന വിശാലമായ ഒന്നായിരിക്കണം മതത്തിന്റെ നിർവചനം. ദൈവത്തിലോ ദൈവങ്ങളിലോ മാത്രം കേന്ദ്രീകരിക്കാതെ പ്രകൃത്യാരാധനകൾ, മനുഷ്യരെത്തന്നെ ഉപാസനാമൂർത്തികളാക്കുന്ന വ്യവസ്ഥകൾ ( ദൈവമാണെന്ന് വിശ്വസിച്ച് പുരാതന ഈജിപ്തിലെ ഭരണാധികാരിയായ ഫറോവയെ ആരാധിച്ചിരുന്നു ) തത്വചിന്താ പദ്ധതികളെ മാത്രം ആശ്രയിച്ചുള്ള മതങ്ങൾ ( ഉദാഹരണം ബുദ്ധമതവും ജൈനമതവും ) എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു നിർവചനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആധാരം യുക്തിരഹിതമായ ചില വിശ്വാസങ്ങളാണ്. ( Religion in Indian History – Edited by Irfan Habib – Introduction by the editor. Page xi).
ഇർഫാൻ ഹബീബിന്റെ വാക്കുകളിലെന്ന പോലെ മതമെന്ന സംജ്ഞയെ ചുരുങ്ങിയ ചില വാക്കുകളിൽ തളച്ചിടാൻ കഴിയുന്ന ഒന്നല്ല. പ്രപഞ്ചസൃഷ്‌ടാവ് എന്ന സങ്കല്പബോധം വെച്ചുപുലർത്താത്ത തത്വചിന്താധിഷ്‌ഠിത മതബോധവും പ്രാകൃതികവും പ്രകൃത്യാതീതവുമായ മത സങ്കല്പബോധവും മനുഷ്യർക്കിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അത്തരം എല്ലാ മതബോധത്തെയും ഉൾകൊള്ളിക്കാൻ കഴിയും വിധത്തിൽ വേണം മതം എന്നാൽ എന്ത് എന്ന നിർവചനത്തിലേക്ക് നാം കടക്കേണ്ടത്.
മരണം മനുഷ്യനെ സംബന്ധിച്ചു വലിയൊരു ഭീതിജനകമായ വസ്തുതയായി മാറിയ ഇടങ്ങളിൽ നിന്നുമാണ് സംഘടിതവും അസംഘടിതവുമായ മതങ്ങൾ ജനിക്കുന്നത്. മരണത്തോടെ ജീവിതം അവസാനിക്കും എന്ന ഭയം വേട്ടയാടിത്തുടങ്ങിയപ്പോൾ മരണത്തിന് ശേഷവും ജീവിതമുണ്ടെന്ന് സങ്കല്പിച്ചുകൊണ്ട് അതിൽ നിന്നും സമൃദ്ധമായി രക്ഷപെടുകയാണ് മനുഷ്യമനസ് ചെയ്തത്. പുനർജന്മം എന്ന പേരിലോ മരണാനന്തരജീവിതം എന്ന നിലയിലോ അതുമല്ലെങ്കിൽ മരണാനന്തരം നിത്യശാന്തി എന്നനിലയിലോ എല്ലാ മതങ്ങളും വിശ്വാസങ്ങൾ കെട്ടിപ്പടുത്തിയിട്ടുണ്ട്. ഇത് മനുഷ്യൻ തന്റെ ഭയത്തിന്മേലുള്ള രക്ഷയാർജിക്കലാണ് എന്ന് മനഃശാസ്ത്ര പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. മനഃശാസ്ത്രപരമായി വീക്ഷിച്ചാൽ ഇത്തരം വിശ്വാസങ്ങൾ നിറവേറ്റുന്നത് മനഃശാസ്ത്രപരമായ മനുഷ്യന്റെ അവശ്യകഥയെയാണ്. മതവും അതിന്റെ വിശ്വാസബോധവും മനുഷ്യന്റെ മസ്തിഷ്കത്തിലാണ് ജനിച്ചതും നിലകൊള്ളുന്നതും. അതുകൊണ്ടുതന്നെ മൻഷ്യന്റെ ഓരോ ചിന്തയിലും പ്രവൃത്തിയിലും മതവും വിശ്വാസവും കടന്നു കൂടുകയും അതിലൂടെ നിത്യജീവിതത്തിലുടനീളം അനുവർത്തിക്കേണ്ടതും ഒരു സാമൂഹിക ജീവി എന്ന നിലയിൽ അനുവർത്തിക്കേണ്ടതുമായ ഏതൊന്നിനെയും മതവിശ്വാസം കൊണ്ട് പൊതിഞ്ഞ് അതിന് മുകളിൽ അടയിരിക്കുന്ന ഒരു മതജീവിയാണ് മനുഷ്യൻ. സമൂഹ്യബോധം ജീവിതബോധം, നീതിന്യായബോധം, രാഷ്ട്രബോധം, രാഷ്ട്രീയബോധം, എന്നുവേണ്ട മനുഷ്യൻ മനുഷ്യന് വേണ്ടി നിർമിച്ചവയിലും പ്രകൃതിയിൽ നിലനിൽകുന്നവയിലും എല്ലാം മതത്തെ മനുഷ്യൻ സമർഥമായി കൂട്ടികെട്ടിയിട്ടുണ്ട്. ഇതിനായി മനുഷ്യൻ ഉപയോഗിച്ചത് സഹസ്രകോടി വർഷങ്ങൾ കൊണ്ടുണ്ടായ മഹാത്ഭുതമായ, മതവിശ്വാസം ജനിച്ച അതേ മസ്തിഷ്കത്തെ തന്നെയാണ്.
മനുഷ്യൻ മതത്തിലതിഷ്‌ടിതമാകുന്നത് വിശ്വാസം എന്ന മനഃശാസ്ത്രപരതയിലൂന്നിയാണ്. അതിനാൽ തന്നെ മനഃശാസ്ത്രപരമായി എന്താണ് വിശ്വാസം എന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു അറിവ്, വിവരം, പ്രസ്താവന, പ്രമേയം അല്ലെങ്കിൽ അഭിപ്രായം തികച്ചും സത്യവും നിരാക്ഷേപമായി തെളിഞ്ഞതാണെന്ന് ബോധ്യം വന്ന മാനസികാവസ്ഥയാണ് വിശ്വാസം. വിശ്വാസം മനസിൽ കടന്നുകൂടുന്നത് തന്റെ ഇന്ദ്രിയങ്ങൾ വഴി അനുഭവവേദ്യമാകുന്നത് വഴിയോ, തന്റെ ചിന്താശക്തിയാൽ എത്തിച്ചേരുന്ന നിഗമനങ്ങളിലൂടെയോ അനുമാനങ്ങളിലൂടെയോ, ധ്യാനം ചെയ്യുന്നത് വഴിയുണ്ടാകുന്ന അനുഭവങ്ങളിലൂടെയോ, ആശയവിനിമയത്തിലൂടെ നടക്കുന്ന പ്രത്യായനങ്ങൾ വഴിയോ ആണ്. മനഃശാസ്ത്രപരമായി ഒന്നുകൂടി വിലയിരുത്തിയാൽ ഒരു പ്രമേയത്തിന്റെ രൂപം സ്വീകരിച്ചുകൊണ്ട് പ്രാതിനിത്യസ്വഭാവത്തിലേക്ക് പരിവർത്തിക്കുന്ന മാനസികാവസ്ഥയെ വിശ്വാസം എന്ന് വിളിക്കാം. ഉദാഹരണത്തിന് അഭൗമമായ ഒരു ശക്തി ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു എന്ന പ്രമേയം സ്വാംശീകരിച്ച മാനസികാവസ്ഥയാണ് ദൈവ വിശ്വാസം.
മനുഷ്യമസ്തിഷ്കത്തിൽ മതം ജനിക്കാൻ കാരണമായ അതേ വസ്തുതയാണ് ശാസ്ത്രം ജനിക്കാനും കാരണമായത് എന്നത് നമ്മളിൽ പലരിലും അത്ഭുതവും കൗതുകവും ഉണർത്താം. ശാസ്ത്ര സത്യങ്ങൾ അംഗീകരിക്കാൻ വിമുഖത കാട്ടുന്ന ഒരു കർക്കശക്കാരൻ കാരണവരുടെ ചിത്രമാണ് മതം പലപ്പോഴും നൽകുന്നത്. മനുഷ്യൻ ഓരോ ദിവസവും അവന്റെ സാധ്യതകളെ കൂടുതൽ കൂടുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നലെകളിലെ തെളിവില്ലാതെ വിശ്വസിച്ച ശരികളെ തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ സമർദ്ധിച്ചുകൊണ്ടാണ് മനുഷ്യൻ മുന്നേറുന്നത്. ഇന്നലെകളിലെ ആ ശരികൾ നിലനിന്നത് മതം നിലകൊണ്ട മനുഷ്യമസ്തിഷ്കത്തിൽ തന്നെയാണ്. അതുകൊണ്ടുതന്നെ എന്തിലും കടന്നുപിടിച്ചു പടരുന്ന മതം ആ ശരികളെയും കൂട്ടുപിടിക്കുന്നു. ഇന്ന് ആ ശരികൾ തെറ്റാണ് എന്ന് തെളിഞ്ഞാലും അത് അംഗീകരിക്കാൻ മതം തയ്യാറാകില്ല. അങ്ങനെ തയ്യാറാകുന്ന പക്ഷം മതം മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു വളക്കുകയും ഓടിക്കുകയും ചെയ്യാവുന്ന വഴക്കമുള്ള ഒന്നായി മാറും. അതുവഴി മതത്തിന്റെ ചട്ടക്കൂടിൽ ഉൾപ്പെടുത്തി വെച്ചിട്ടുള്ളതും അനുവർത്തിച്ചുപോരുന്നതുമായ സാമൂഹിക ജീവിതക്രമങ്ങളിലും ഇതേ വഴക്കം കൊണ്ടുവരേണ്ടിയിരിക്കും. അതിന് വലിയൊരു കൂട്ടം മനുഷ്യമസ്തിഷ്കങ്ങളും തയ്യാറാകില്ല. പക്ഷെ സഞ്ചരിക്കുന്ന വഴികളിൽ കാലഹാരണപ്പെട്ടു പോകാതിരിക്കാൻ വൈകിയാണെങ്കിലും ചിലതിന്റെയൊക്കെ തള്ളലുകൾക്കും കൊള്ളലുകൾക്കും മതം വിധയമാകുന്നുണ്ട്. ഇത്തരത്തിൽ ജന്മംകൊണ്ടത് മുതൽ മനുഷ്യന്റെ വിപ്ലവാത്മകവും അനന്യവും അത്ഭുതപരവുമായ സാഹസികയാത്രയിലുടനീളം ഒന്നോ രണ്ടോ നാഴിക മാത്രം പിന്നിലായി സഞ്ചരിച്ചുവരുന്ന നിഴൽചിത്രം കൂടിയാണ് മതം. ഇങ്ങനെയുള്ള ഈ മതത്തിന് ജന്മം നൽകിയ മനുഷ്യമസ്തിഷ്കത്തിലെ രഹസ്യത്തിനെ മനഃശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് മാന്ത്രികചിന്ത ( Magical Thinking ) എന്നാണ്.
മാന്ത്രികചിന്ത
ഒരു വെക്തി അയാളുടെ ആശയങ്ങൾ, ചിന്തകൾ, പ്രവർത്തനങ്ങൾ, വാക്കുകൾ അല്ലെങ്കിൽ ചിഹ്നങ്ങളുടെ ഉപയോഗം എന്നിവ താൻ ജീവിക്കുന്ന ഭൗതിക ലോകത്തിലെ സംഭവങ്ങളുടെ ഗതിയെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്ന മനസികാവസ്ഥയാണ് മാന്ത്രികചിന്ത. ഒരാളുടെ ആന്തരികവും വ്യക്തിപരവുമായ അനുഭവവും ബാഹ്യമായ ഭൗതിക ലോകവും തമ്മിൽ കാര്യകാരണബന്ധം നിലനിൽക്കുന്നു എന്ന അനുമാനവും മന്ത്രികചിന്തയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്നതാണ്. ഇതിനെ മനഃശാസ്താപരമായും ലളിതമായും വിശദീകരിക്കേണ്ടതുണ്ട്.
മാന്ത്രികചിന്തയിൽ ഊഹാബോഹങ്ങൾക്ക് വലിയ സ്ഥാനം ഉണ്ട്. ഊഹാബോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കാര്യകാരണവിചാരത്തെയും മാന്ത്രികചിന്ത എന്നാണ് വിളിക്കുന്നത്. അതായത് ഒരു വ്യക്തി തനിക്ക്ചുറ്റും നടക്കുന്ന സംഭവങ്ങളുടെയോ കാര്യങ്ങളുടെയോ കാരണം ഇന്നതാകാം എന്ന് യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ ഊഹിക്കുകയും അതുതന്നെയാണ് ശരി എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. മനുഷ്യമസ്തിഷ്കത്തിൽ മാന്ത്രികചിന്ത ഉണ്ടാകുന്നത് തന്റെ ചില സവിശേഷ ചിന്തകളിലൂടെയും പ്രവർത്തികളിലൂടെയും ബാഹ്യയാഥാർത്ഥ്യങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന അതിന്റെ മിഥ്യാധാരണകളാണ്. തന്റെ സവിശേഷമായ പ്രവർത്തിയോ ചിന്തയോ ബാഹ്യയാഥാർത്ഥ്യങ്ങളെ സ്വതീനിക്കുന്നു എന്ന മസ്തിഷ്കത്തിന്റെ അനുമാനത്തെ മാന്ത്രികചിന്ത എന്ന് വിളിക്കാം. പക്ഷെ മന്ത്രികചിന്ത ഇത്തരം അനുമാനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നായി കാണാൻ കഴിയില്ല.
ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞാനയ എഡ്വേർഡ് ഇവാൻസ് പ്രിച്ചർഡ് ( Edward Evans Pritchard 1902-1973 ) തന്റെ Witchcraft, Magic and Oracles Among the Azande എന്ന ആഫ്രിക്കൻ ജനതയുടെ വിശ്വാസങ്ങൾ പ്രതിപാദിക്കുന്ന കൃതിയിൽ ഒരു സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. “ഒരിക്കൽ ഒരാളുടെ വീട് ഗൃഹനാഥൻ അകത്തുള്ളപ്പോൾ പെട്ടെന്ന് ഇടിഞ്ഞുവീഴ്ന്നു. പരിശോധനയിൽ തൂണുകൾ ചിതലെടുത്തതാണ് കാരണം എന്ന് മനസ്സിലായി. എന്നിരുന്നാലും ഗൃഹനാഥനെതിരെ ആരോ ആഭിചാരം ചെയ്തത് കൊണ്ടാണ് ഗൃഹനാഥൻ അകത്തുള്ളപ്പോൾ തന്നെ വീട് വീഴാൻ ഇടയായത് എന്നതായിരുന്നു ഗ്രാമവാസികളുടെ ഒന്നാടങ്കമുള്ള വിശ്വാസം.” യാദൃശ്ചികമായ ഇത്തരം സംഭവങ്ങൾ പോലും മനുഷ്യമസ്തിഷ്കം മാന്ത്രികചിന്തയുടെ ഫലമായി ഊഹാബോഹങ്ങൾക്ക് വിധയമായി നിഗമനങ്ങളിൽ എത്തിച്ചേരാറുണ്ട്.
സ്‌കോട്ടിഷ് നരവംശശാസ്ത്രജ്ഞാനയ ജെയിംസ് ജോർജ് ഫ്രേസറിന്റെ ( James George Frazer 1854 – 1941 ) അഭിപ്രായത്തിൽ മാന്ത്രികചിന്തക്ക് രണ്ട് നിയമങ്ങളുണ്ട്. ഒന്ന് സാദൃശ്യത്തിന്റെ നിയമവും രണ്ട് സംക്രമികതയുടെ നിയമവും. സാദൃശ്യനിയമം കാര്യകാരണബന്ധം സാദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധിപ്പിക്കുമ്പോൾ സംക്രമികതയുടെ നിയമം ഒരിക്കൽ ചേർന്നിരുന്ന രണ്ട് വസ്തുക്കൾ വേർപെട്ട് ദൂരെയായാലും അവതമ്മിലുള്ള ബന്ധം തുടരുന്നു എന്ന സംക്രമികവിശ്വാസത്തിലും ഊന്നൽ നൽകുന്നു. ചുറ്റും നടക്കുന്ന ഓരോന്നിന്റെയും കാരണങ്ങൾ കണ്ടെത്താൻ വെമ്പുന്ന ജിജ്ഞാസാമനോഭാവം മനുഷ്യമസ്തിഷ്കത്തിനുണ്ട്. കാരണങ്ങൾ കണ്ടെത്താനായില്ല എങ്കിൽ മസ്തിഷ്കം മാന്ത്രികചിന്തയുടെ അടിസ്ഥാനത്തിൽ സാദൃശ്യത്തിന്റെയും സംക്രമികതയുടെയും നിയമങ്ങളിലൂടെ കാരണം അനുമാനിച്ചെടുക്കും.
മാന്ത്രികചിന്ത ചിലരിൽ മാത്രമുള്ള ഒന്നല്ല അത് എല്ലാ മനുഷ്യമസ്തിഷ്കത്തിലും ഉള്ളത് തന്നെയാണ്. കൂടാതെ അത് എല്ലാ കാലത്തും എല്ലാ മനുഷ്യരിലും ഉണ്ടായിരുന്നു എന്നതിനും തെളിവുകളുണ്ട്. ജ്ഞാനഗോചരത മനഃശാസ്ത്രജ്ഞന്മാരുടെയും ( Cognitive Psychologists ), പരിണാമാധിഷ്‌ഠിത മനഃശാസ്ത്രജ്ഞന്മാരുടെയും ( Evolutionary Psychologists ) അഭിപ്രായത്തിൽ മനുഷ്യമനോവ്യാപാരത്തിന്റെയും പരിണാമപരമായ അതിജീവനത്തിന്റെയും അനിവാര്യഘടകമാണ് മാന്ത്രികചിന്ത. ഉദാഹരണത്തിന് കാട്ടിൽ പുൽമേട്ടിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ മറവിൽ ഒരു പുലി പതുങ്ങി ഇരിക്കുന്നതായി കാണുന്നു. സംവേദനം ചെയ്യപ്പെട്ട ആ ദൃശ്യം യഥാർത്ഥത്തിൽ പുലി ഇരിക്കുന്നത് തന്നെയാണോ അല്ലയോ എന്ന സത്യം സംവേദനം ചെയ്യപ്പെട്ട നിമിഷം തന്നെ തിരിച്ചറിയാനുള്ള ശേഷി മനുഷ്യന് ഇല്ല. അത് പരിശോധിച്ചു നിൽക്കാതെ ഓടി രക്ഷപ്പെടുക എന്നതാണ് മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഉതകുന്നത്. അതുപോലെതന്നെ കാട്ടിൽ നിന്നും ലഭിച്ച ഒരു ഫലം കഴിച്ചപ്പോൾ മനുഷ്യന് വിഷബാധ ഉണ്ടായി എങ്കിൽ അതിനോട് സാദൃശ്യമുള്ള ഭലങ്ങൾ കണ്ടാലും വിഷബാധയേറ്റ ഫലമായി മനുഷ്യൻ കണക്കാക്കും. ഇതെല്ലാം മാന്ത്രികചിന്തയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളാണ്.
ആധിമമനുഷ്യനിൽ മാത്രമല്ല ആധുനികമനുഷ്യരിലും മാന്ത്രികചിന്ത പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്ഥിതിവിവരക്കണക്കുകളുടെ ശാസ്ത്രവശം മനസിലാക്കാതെ സ്ഥിതിവിവര കണക്കുകൾ നോക്കി മാന്ത്രികചിന്തയുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരാറുണ്ട്. ഒരു നിശ്ചിത പ്രദേശത്ത് ഉണ്ടായ അപകടങ്ങളുടെ കണക്ക് വെച്ച് അവിടെ അമാനുഷിക ശക്തിയുടെ സാനിധ്യമോ, ദുർനിമിത്തമോ ഉണ്ടെന്ന് അനുമാനിക്കുക, ചില ദിവസങ്ങളിലേ യാദൃശ്ചിക സംഭവങ്ങൾ വെച്ചു മോശം ദിവസം എന്നിങ്ങനെയുള്ള അനുമാനങ്ങൾ ഒക്കെയും ഇന്നും മനുഷ്യൻ നടത്താറുണ്ടല്ലോ. മനുഷ്യന്റെ ശൈശവദശയിൽ മാന്ത്രികചിന്തയുടെ അളവ് കൂടുതലായിരിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒബ്സസ്സിവ് കമ്പൽസീവ് ഡിസോർഡർ, സ്കിറ്റ്‌സോഫ്രീനിയ എന്നീ മനോരോഗങ്ങളുള്ളവർക്കും മാന്ത്രികചിന്ത കൂടുതലായിരിക്കും.
മാന്ത്രികചിന്തയുടെ അടിസ്ഥാനത്തിലുള്ള ഇത്തരം അന്ധവിശ്വാസങ്ങൾ, ഊഹാബോഹങ്ങൾ, അനുമാനങ്ങൾ എല്ലാം മതവിശ്വാസത്തിലേക്ക് പരിണമിച്ചതാണ്. ഇതേ മാന്ത്രികചിന്ത7 തന്നെയാണ് ശാസ്ത്രത്തിന്റെ ജനനത്തിനും കാരണമായത് എന്ന് പോളിഷ് നരവംശശാസ്ത്രജ്ഞാനയ മലിനോവിസ്കിയും ( Bronislaw Kasper Malinowski 1884-1942 ), സ്‌കോട്ടിഷ് നരവംശശാസ്ത്രജ്ഞാനയ ജെയിംസ് ജോർജ് ഫ്രേസറും ( James George Frazer 1854 – 1941 ) അഭിപ്രായപ്പെടുന്നു. കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള മനുഷ്യന്റെ ചിന്ത ശാസ്ത്രത്തിലേക്ക് നയിച്ചപ്പോൾ കാര്യകാരണബന്ധം ഊഹങ്ങൾക്ക് വിദയമായി നിർണയിച്ചപ്പോൾ അത് മതവിശ്വാസങ്ങൾക്കും രൂപം നൽകി.
മാന്ത്രികചിന്തയുടെ ഫലമായി മനുഷ്യൻ താനറിയാതെ പടച്ചുവിട്ട മതം ഒരേസമയം വിസ്മയകരവും അനന്യമായ ബഹുമുഖങ്ങളുള്ള ഒന്നായി മനുഷ്യന്റെ യാത്രയിലുടനീളം കൂടെകൂടുകയായിരുന്നു. മനുഷ്യൻ അവനിലെ പരിമിധികളോട് പോരാടിച്ചു സാധ്യതകളെ കണ്ടെത്തുന്നതിനോടൊപ്പം വിസ്മയകരമായ ബഹുമുഖങ്ങൾ പേറി മതവും വളർന്നുവന്നു. മനുഷ്യൻ എന്ന നാമത്തിനേക്കാൾ പലപ്പോഴും അവനോട് ചേർന്ന് നിന്നത് മതജീവി എന്ന പേരാണ്. അത്രത്തോളം മനുഷ്യചരിത്രം മതത്തോട് ഇഴകിച്ചേർന്നു നിൽക്കുന്നുണ്ട്.
Article by Veena Viswanath