രാമായണം വായിക്കുമ്പോൾ

Author: Kureepuzha Vincent

ദൈവത്തോടു പൊരിതിത്തോറ്റ മനുഷ്യനാണ് രാമായണമെന്ന കാല്പനിക കാവ്യത്തിലെ രാവണൻ. രാമന് മൃതസഞ്ജീവനിയും ചതിക്കാൻ വിരുതു മുണ്ടായിരുന്നു. രാവണനാകട്ടെ , മനസാക്ഷിയും ചങ്കുറപ്പും ഈരേഴുലകവും പാടിപ്പുകഴ്ത്തിയ പെരുമയുംമാത്രം. അമൃതിനോടേറ്റുമുട്ടിയ ചോരയായിരുന്നു രാവണൻ.

രാമായണം ചിത്രകഥകളായ്‌ വായിക്കുന്ന കാലംമുതൽ രണ്ടുപേരോടും പ്രത്യേകിച്ച്‌ ഇഷ്ടമോ അനിഷ്ടമോ തോന്നിയിരുന്നില്ല. രണ്ടുപേരുടെയും പക്ഷത്ത് യുദ്ധത്തിന് ന്യായമുണ്ടായിരുന്നു. ബലാൽക്കാരേണ തട്ടിക്കൊണ്ടുപോകപ്പെട്ട ഭാര്യയെ വീണ്ടെടുക്കേണ്ടത് രാമൻ എന്ന ഭർത്താവിന്റെ ആണത്തത്തിന്റെയും ഇക്ഷ്വാകു വംശത്തിന്റെ അഭിമാനത്തിന്റെയും പ്രശ്നമായിരുന്നു. രാവണനോ?

പ്രാചീന ഭാരതത്തിൽ (കൃതി എഴുതപ്പെട്ട കാലത്ത്‌) നിലനിന്നിരുന്ന എട്ടുതരം വിവാഹ സമ്പ്രദായങ്ങളിൽ ഒന്നായിരുന്ന രാക്ഷസമാണ് രാവണൻ സീതയോടു ചെയ്തത്. ഇഷ്ടപ്പെട്ട പെണ്ണിനെ ബലമായ് തട്ടിക്കൊണ്ടുപോയി ഭാര്യയാക്കുന്നതാണ് രാക്ഷസവിധി. ഭാരതീയ ഇതിഹാസങ്ങളിൽ മാത്രമല്ല, പ്രാചീന ലോക സാഹിത്യത്തിലും പെണ്ണിനെ അവളുടെ ഇഷ്ടമില്ലാതെ തട്ടിക്കൊണ്ടുപോകുന്ന ഏക കഥാപാത്രമല്ല രാവണൻ.

മഹാഭാരതത്തിൽ ഭീഷ്മർ, അനുജൻ വിചിത്രവീര്യനുവേണ്ടി കാശിരാജധാനി ആക്രമിച്ച് സിന്ധു രാജാവിന് വിവാഹ മുറപ്പിച്ചു നിർത്തിയിരുന്ന അംബ ഉൾപ്പെടെ മൂന്നു രാജകുമാരിമാരെ തട്ടിക്കൊണ്ടു പോകുന്നതും ഭീഷ്മർതന്നെ പിന്നീട് ഗാന്ധാരം ആക്രമിച്ച് ദൃധരാഷ്ട്രർക്കുവേണ്ടി ഗാന്ധാരിയെ തട്ടിക്കൊണ്ടുവരുന്നതും തനിക്കുവേണ്ടിയായിരുന്നില്ലെങ്കിലും രാക്ഷസ വിവാഹങ്ങളായിരുന്നു. തേസ്യൂസിനാൽ അപഹരിക്കപ്പെട്ട ഹെലൻ ഗ്രീക്കിൽനിന്നുള്ള മറ്റൊരു ഉദാഹരണം.

സീതയോടുള്ള അഭിനിവേശം ഒന്നുമാത്രമാണ് സീതയെ അപഹരിക്കുവാൻ രാവണനെ പ്രേരിപ്പിക്കുന്നത്. എന്നിട്ടും, സഹോദരി ശൂർപ്പണയുടെ മുലകൾ ഛേദിച്ച ശത്രുവിന്റെ പെണ്ണായിട്ടും രാവണൻ സീതയെ ബാലമായ് പ്രാപിക്കുവാൻ മുതിരുന്നില്ല. അതാണ് ആര്യനു പരിചിതമല്ലാത്ത ദ്രാവിഡന്റെ മഹത്വം.

തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്ണിനെ വീണ്ടെടുക്കാൻ അല്ലെങ്കിൽ ആ ശ്രമത്തിൽ യുദ്ധം ചെയ്തു മരിക്കാൻ തട്ടിക്കൊണ്ടുപോകപ്പെട്ടവളുടെ അച്ഛനോ സഹോദരന്മാർക്കോ വിവാഹിതയാണെങ്കിൽ ഭർത്താവിനോ ബാധ്യതയുണ്ട്. ആ ബാധ്യതയാണ് രാമൻ നിർവഹിച്ചത്.

പക്ഷേ, ദൈവമായിരുന്നിട്ടും വീണ്ടെടുക്കപ്പെട്ട ഭാര്യയെ മനസ്സിലാക്കാൻ കഴിയാതെപോയിടത്താണ് യുദ്ധം ജയിച്ച രാമൻ പരാജയപ്പെടുന്നത്. രാമനിലെ പുരുഷൻ ജയിച്ചിടത്ത് ഭർത്താവ് തോറ്റുപോകുന്നു. ചിറകെട്ടി ലങ്കവരെ ചെന്നു നടത്തിയത് വെറുമൊരു കൊലയ്ക്കുവേണ്ടിയുള്ള യുദ്ധമായ്‌ ആദർശരഹിതമായ് അധഃപതിച്ചുപോകുന്നത് അവിടെയാണ്.

സീതയെ മനസിലാക്കാൻ കഴിയാത്തിടത്ത് ദൈവപരിവേഷം അഴിഞ്ഞുവീണ്‌ രാമൻ വെറുമൊരു മനുഷ്യൻ അഥവാ സംശയ രോഗിയായ ഭർത്താവു മാത്രമാകുന്നു. സംശയാലുവായ ഭർത്താവിന് ഭാര്യയെ ഉപേക്ഷിക്കാൻ ഒരു കാരണം വേണമായിരുന്നു. ആ കാരണം മാത്രമാണ് ജനഹിതം എന്ന മുട്ടാത്തർക്കം. എന്നാൽ സീതയുടെ ആത്മഹത്യ രാമനെ പശ്ചാത്താപ വിവശനാക്കുന്നു. വസിഷ്ഠന്റെ ആത്മോപദേശങ്ങൾക്കും ശമിപ്പിക്കാനാകാത്ത മനോവ്യഥയുമായ് ഒടുവിൽ രാമൻ സരയുവിന്റെ ആഴങ്ങളിൽ ജീവിതമൊടുക്കുന്നു. ഭക്തിയുടെ ഉന്മാദമില്ലാതെ രാമായണം വായിക്കുന്നവർ അവിടെ കാണുന്നത് ദൈവത്തെയല്ല, വൈകാരിക വേലിയേറ്റങ്ങളിൽ അടിപതറി വീഴുന്ന മനുഷ്യ കഥാപാത്രത്തെയാണ്.
വായനക്കാരന്റെ മനസ്സിൽ സീതയുടെ ആത്മഹത്യയ്ക്ക് ഒരു രക്തസാക്ഷിത്വത്തിന്റെ പരിവേഷം ലഭിക്കുമ്പോൾ രാമന്റേത് വെറും ഒരു മരണം മാത്രമായ് ശോഷിക്കുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്ണ് അക്രമിയാൽ ബലാൽക്കാരം ചെയ്യപ്പെട്ടാൽത്തന്നെ അത് അവളുടെ കുറ്റമാകുന്നതെങ്ങനെ? പുരുഷൻ പ്രാപിച്ചസ്ത്രീ അശുദ്ധയാണെന്നും അവൾ പിന്നീട് വലിച്ചെറിയപ്പെടേണ്ട മാലിന്യമാണെന്നുമുള്ള ജനഹിതവും, ഭർത്താവ് സംശയിച്ചാലുടൻ ആത്മഹത്യചെയ്തുകളയുന്ന പെണ്ണും ഏതായാലും ആധുനിക സൂഹത്തിനു മാതൃകകളല്ല. രാമായണം മുന്നോട്ടുവയ്ക്കുന്ന ‘ ശുദ്ധ ‘ സങ്കൽപ്പം വെല്ലുവിളിക്കപ്പെടേണ്ടതുണ്ട് .

രാവണൻ കൊല്ലപ്പെടുകയും സീതയും രാമനും ലക്ഷ്മണനും ഊർമിളയും ആത്മഹത്യചെയ്യുകയുംചെയ്യുന്ന രാമായണം ലോകസാഹിത്യത്തിലെതന്നെ ലക്ഷണമൊത്ത ഒരു കാല്പനിക ദുരന്ത കാവ്യമാണ്.

എന്റെ വായനാനുഭവത്തിൽ രാമ-രാവണന്മാർക്ക് എന്നിലുണ്ടായിരുന്ന സംതുലനത്വം തകർത്ത്‌ രാവണപക്ഷത്തെ തുലാസ്സിന്‌ ഭാരമേറ്റിയതും സമ്പൂർണ്ണ രാമായണം വായിക്കുവാൻ പ്രേരിപ്പിച്ചതും രാമായണത്തെ അവലംബിച്ച് രചിക്കപ്പെട്ട ഒരു നാടക കൃതിയാണ്. സി. എൻ. ശ്രീകണ്ഠൻനായരുടെ ‘നാടകത്രയം’ . അതിൽ ‘കാഞ്ചനസീത’ രാമായണത്തിന്റെ പടർപ്പിലും രാമന്റെ ചമയങ്ങളിലും മുമ്പ് ഞാൻ ശ്രദ്ധിക്കാതെപോയ , നിലപാടും ആർജ്ജവവും വ്യക്തിത്വവുമുള്ള ഭരതനെയും ഊർമിളയെയും എനിക്കു കാട്ടിത്തന്നു. ‘ ലങ്കാലക്ഷ്മി’ തികച്ചും ഒരു രാവണ കൃതിയാണ്. എന്നെ അടിമുടി ഉലച്ചുകളഞ്ഞ ആ കൃതി അനുഭവിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒന്നു ബോധ്യമായി , രാവണൻ നീതി തേടുന്നു. പിന്നീടുണ്ടായ സമ്പൂർണ്ണ രാമായണ വായനയ്ക്കും എന്റെ ഈ ധാരണയെ തിരുത്തുവാനായില്ല.

രാമായണം രാമന്റെമാത്രം കഥയല്ല. രാവണന്റെ കൂടികഥയാണ്‌. വിശ്രവസ് എന്ന ബ്രാഹ്മണ താപസന്റെ (?) ആശ്രമത്തിൽ സമർപ്പിക്കപ്പെട്ട കൈകസി എന്ന കാട്ടുപെണ്ണിനു പിറന്ന കടിഞ്ഞൂൽ പുത്രൻ, കണ്ടാൽ അറപ്പുതോന്നുന്നവനെന്ന് അച്ഛൻതന്നെ അധിക്ഷേപിച്ച കുട്ടി, കൃഷ്ണപ്പരുന്തുകളെ കല്ലെറിഞ്ഞു വീഴ്ത്തിയും കാട്ടുപൊയ്കയിലെ വെള്ളംകുടിച്ചും വളർന്ന് കൈക്കരുത്തും മനക്കരുത്തുംകൊണ്ട്‌ മൂന്നു ലോകങ്ങളെയും കേൾവിയിൽ വിറപ്പിച്ച് , ദേവന്മാരെ വിനയാന്വിതരാക്കി രാവണനും സകലകലാവല്ലഭനായ് ദശമുഖനുമായ കഥ. രാവണൻ ആശിച്ചതത്രയും സ്വന്തമാക്കി, തെറ്റിന്റെയും ശരിയുടെയും സരോവരങ്ങളിൽ പശ്ചാതാപമില്ലാതെ ആറാടി , ഒരുപാടുപേരെ ശിക്ഷിച്ചു , അതിലേറെപ്പേർക്കു മാപ്പുകൊടുത്തു , ഒടുവിൽ അമിത ആത്മവിശ്വാസത്തിന്റെ അനിവാര്യമായ ദുരന്തത്തിൽ വീണൊടുങ്ങി. ആ കഥകൂടിയാണ് രാമായണം.

രാവണൻ പറയുന്നു. ‘ ദ്വാരപാലകരും സ്തുതിപാടകരും താലപ്പൊലിയേന്തിയ അന്തഃപുരനാരികളും ഉണ്ടായിരുന്നില്ല. തത്വോപദേശം നൽകുവാൻ വൈജ്ഞാനികളുണ്ടായിരുന്നില്ല . കാട്ടുപൊന്ത വെട്ടിത്തെളിച്ചും കല്ലുവെട്ടി പടവുതീർത്തതും സ്വയം പിടിച്ചുകയറുകയായിരുന്നു. ഒപ്പം, ഇരുളിലാണ്ടു കിടന്ന ഒരു വംശത്തെ പിടിച്ചു കയറ്റുകയായിരുന്നു.
തോൽക്കാൻ വിധിക്കപ്പെട്ടിട്ടും ജയിച്ചേ അടങ്ങൂ എന്നു ശപഥംചെയ്തവരെ ത്രസിപ്പിക്കുന്ന നായകനാണ് രാവണൻ.

ഭക്തിയുടെ അമ്മുമ്മക്കണ്ണടയണിഞ്ഞു രാമായണം വായിക്കുന്നവർക്ക് ആ കൃതി അപ്രാപ്യമായ്ത്തന്നെ തുടരും. അവർ അതിന്റെ കാല്പനികഭംഗി തിരിച്ചറിയില്ല , ശക്തിയും ദൗർബല്യവും അന്തരാളങ്ങളിലെ ചുഴികളും തിരിച്ചറിയില്ല.
ഭക്തിയിൽനിന്നു മുക്തിനേടിക്കഴിഞ്ഞവർക്കാകട്ടെ , ലക്ഷണമൊത്ത ഒരു കാൽപ്പനിക ദുരന്തകാവ്യമാണ് രാമായണം. അതിനോടു കിടനില്ക്കാൻ ഗ്രീക്കിന്റെ ഒഡീസിയും ഇലിയഡും അശക്തം ! പക്ഷേ , ഒന്നിനോടുമാത്രം രാമായണത്തിന് ഔചിത്യത്തോടെ ഒതുങ്ങി നിൽക്കേണ്ടിവരും ഇതിഹാസങ്ങളുടെ തമ്പുരാനായ , കാൽപ്പനികതയുടെ ഹിമാലയമായ മഹാഭാരത്തിനു മുന്നിൽ മാത്രം.

കാണ്ഡഹാർ മുതൽ കംമ്പോഡിയവരെ പ്രാചീനഭാരതത്തിലുടനീളം ജനങ്ങൾ വായ്മൊഴിപ്പാട്ടായും കഥകളായും ചോല്ലിനടന്ന ഒരു നാടോടിക്കഥ , പിന്നീടെപ്പോഴോ പലരും പലകാലങ്ങളിൽ പല പല ദേശങ്ങളിൽ അതു പലവിധത്തിൽ എഴുതിവച്ചു. ഒരുപാട് തിരുത്തലുകൾക്കും തിരുകിക്കയറ്റലുകൾക്കും ശേഷം നമ്മുടെ കയ്യിൽ എത്തിച്ചേർന്നതിനെ നാം ആധികാരികം എന്നു ധരിക്കുന്നു. സത്യത്തിൽ നാടോടിക്കഥകളിൽ ആധികാരികം എന്നൊന്നില്ല. അപ്പോൾ വാല്മീകിയോ ? എന്നു ചോദിച്ചേക്കാം. വാല്മീകി എന്ന ഒരു മഹർഷി കഥ എഴുതുന്നതായ്‌ വിഭാവന ചെയ്യപ്പെട്ടതായ്‌ക്കൂടെ ?

ഭാരതത്തിന്റെ (?) പൗരാണിക സാഹിത്യമായ് വായിക്കപ്പെടേണ്ട ഒരു കൃതി ഭക്തിയോടെ പൂജിക്കാൻ തുടങ്ങിടത്താണ് അത് തല്പരകക്ഷികൾക്ക് മതരാഷ്ട്ര നിർമ്മിതിയുടെ മൂലക്കല്ലായ്‌ മാറിയത്. രാമായണത്തെ നിഷേധിച്ചുകൊണ്ടല്ല, മറിച്ച് സാഹിത്യം എന്ന നിലയിൽ ചർച്ച ചെയ്തുകൊണ്ടുമാത്രമേ സംഘപരിവാർ രാമായണത്തെ അവരുടെ ആയുധമാക്കുന്ന രാഷ്ട്രീയത്തെ ചെറുക്കാൻ കഴിയൂ.

അച്ഛൻ , ചെറിയമ്മയ്ക്കുകൊടുത്ത വാക്കുപാലിക്കുവാൻ അവകാശപ്പെട്ട രാജ്യം ഉപേക്ഷിച്ച് വനവാസത്തിനുപോയി എന്ന ഒറ്റ കാര്യം ഒഴികെ പാടിപ്പുകഴ്ത്തപ്പെടുന്ന രാമന്റെ ജീവിതത്തിൽ നന്മയുടെ എന്തു മാതൃകയാണുള്ളത് ?
ചാതുർവർണ്യ വ്യവസ്ഥയെ അഭംങ്കുരം നിലനിർത്താൻ ബ്രാഹ്മണ പുരോഹിതന്മാരുടെ ആജ്ഞാനുവർത്തിയായ്‌ ആവുംവിധം യജ്ഞിച്ച വ്യക്തിയാണ് രാമായണത്തിലെ നായകൻ. ഒരു വിശുദ്ധഗ്രന്ഥമായ് രാമായണത്തെ കാണുന്നവർ രാമനെ മാത്രമേകാണു. രാമനാൽ ഹനിക്കപ്പെടുകയോ രാമനു വേണ്ടി ഹോമിക്കപ്പെടുകയോ ചെയ്ത ഒട്ടനവധി കഥാപാത്രങ്ങളെ രാമപൂജയുടെ വർണ്ണരാജികളിൽ അവർ കാണാതെപോകും. സീത, ഊർമിള, ഭരതൻ, രാമന്റെ നിഴൽമാത്രമായ് സ്വയം നിസ്സാരനായ ലക്ഷ്മണൻ, രാമനാൽ തലയറുക്കപ്പെട്ട ശംബുകൻ, രാമൻ ഒളിയമ്പെയ്തു വീഴ്ത്തിയ ബാലി താടക, സ്ത്രീത്വം അരിഞ്ഞെറിയപ്പെട്ട ശൂർപ്പണ, രാമനു ജയമുറപ്പിക്കാൻവേണ്ടിമാത്രം മലിനമാക്കപ്പെട്ട മണ്ഡോദരി….അങ്ങനെ കാണാതെയും പുകഴ്ത്തി പ്പാടപെടുകയും ചെയ്യാതെ പോകുന്ന എത്രയോ കഥാപാത്രങ്ങൾ.

രാമായണം നിങ്ങൾക്ക് ഏതു പക്ഷത്തുനിന്നും വായിക്കാം. രാമന്റെപക്ഷത്തുനിന്ന്‌ , സീതയുടെ പക്ഷത്തുനിന്ന്, രാവണന്റെ പക്ഷത്തുനിന്ന്. ഏതു പക്ഷത്തുനിന്നു വായിച്ചാലും, പ്രതിസന്ധികളുടെ മുൾപ്പടർപ്പുകളെ പരസഹായമില്ലാതെ വെട്ടിയൊതുക്കി സ്വയം വഴിതെളിച്ച് കയറിവന്ന് ‘ഇതാ എന്റെ ജീവിതം’ എന്നു സമൂഹത്തോട് വിളിച്ചുപറഞ്ഞവരെ പിന്നിട്ട വഴികളിൽ ഉത്തേജിപ്പിച്ചിരുന്നത് ഒരിക്കലും രാമനാവില്ല; അത്‌ രാവണനാവും, രാവണൻ. അതേ, വിജയിക്കുന്ന അമൃതിനേക്കാൾ എനിക്കിഷ്ടം തോറ്റുപോകുന്ന ചോരയാണ്. ഞാൻ ചോരയോട് ചേർന്നുനിൽക്കുന്നു.

Author: Kureepuzha Vincent

Subscribe Outgro Social Media Channels:
Youtube.com/Outgro
Facebook.com/ OutgroPage
Facebook.com/OutgroShorts

Share to

Leave a Reply

Your email address will not be published. Required fields are marked *