Article by Veena Viswanath
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയെയാണ് പ്രധാനമായും ആയുഷ് (AYUSH) എന്ന് വിളിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഇതര വൈദ്യങ്ങളിൽ നിന്നുള്ള ശാസ്ത്രീയമായി തെളിയിക്കപ്പടാത്ത അവകാശവാധങ്ങൾ എത്രത്തോളം അപകടകരമാണ്. ഇവ വ്യക്തികളെ തെറ്റിദ്ധരിപ്പിക്കപ്പെടുത്തുന്നു. ഇതിനു പല ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അതിൽ ഒന്നാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുവഴി കൊറോണയെ പ്രധിരോധിക്കാം എന്ന അവകാശവാദത്തോടുകൂടി പുറത്തുവന്ന ആർസനിക്കം ആൽബം എന്ന ഹോമിയോ മരുന്ന്. അതിനുശേഷം ഒട്ടനവധി ആയുർവേദ പ്രതിവിധികൾ പ്രചരിക്കുകയുണ്ടായി. ഇന്നും അതിന് കുറവൊന്നുമില്ല.
ഭാരതത്തിന്റെ പ്രധാനമന്ത്രി തന്നെ അദ്ദേഹത്തിന്റെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ ആയുഷ് പുറത്തിറക്കുന്ന പ്രതിരോധമാർഗങ്ങൾ ഉപയോഗിക്കാൻ പറയുന്നു. ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാതെ പൊള്ളയായ വാഗ്ദാനങ്ങൾ കൊണ്ട് വ്യക്തികളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു വേദിയായിട്ടാണ് ആയുഷ് ഇവിടെ നിലനിൽക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ആയുഷ് 64 അതിനുദാഹരണമാണ്. ആയുഷ് -64 ആയുർവേദ മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. വികസിപ്പിച്ചെടുത്ത ഒരു ആയുർവേദ ഫോർമുലേഷനാണ്. 1980-ൽ മലേറിയയുടെ പരിപാലനത്തിനായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് ഇപ്പോൾ കോവിഡ് 19-നായി പുനർനിർമ്മിച്ചിരിക്കുകയാണ്. അതിന് കാരണമായി പറയുന്നത് ഇതിന്റെ ചേരുവകൾ ശ്രദ്ധേയമായ ആൻറിവൈറൽ, ഇമ്മ്യൂൺ-മോഡുലേറ്റർ, ആന്റിപൈറിറ്റിക് ഗുണങ്ങൾ കാണിക്കുന്നു എന്നതാണ്. COVID-19 രോഗത്തിന്റെ ഏത് ഘട്ടത്തിലും ഇത് രോഗികൾക്ക് എടുക്കാം എന്നാണ് പറയുന്നത്. ഇത്തരം വാഗ്ദാനങ്ങൾ കോവിഡ് രോഗികളെപോലും അപകടത്തിലാക്കുന്നു.
ആധുനിക വൈധ്യശാസ്ത്രം എന്നത് ശാസ്ത്രത്തിന്റെ ഒരു ശാഖയാണ്. ശാസ്ത്രീയ രീതിയിൽ പരിണമിച്ചുവന്ന ഒന്നാണത്. ഇവയിൽനിന്നുമൊക്കെ പുറന്തള്ളപ്പെട്ടുപോയ ഒന്നിനെയാണ് ആയുഷ് എന്ന പേരിൽ ഇന്ന് വിളിക്കപ്പടുന്നത്. വൈദ്യശാസ്ത്രത്തിന്റെ പരിണാമം എന്നത് ഒരു ടൈംലൈനിൽ രേഖപ്പടുത്തിയാൽ വിശ്വാസ രോഗശാന്തി, ഹീറോയിക് മെഡിസിൻ, ഹെർബൽ മെഡിസിൻ, എക്ലെക്റ്റിക് മെഡിസിൻ, മോഡേൺ മെഡിസിൻ എന്നിങ്ങനെ അവ പരിണമിക്കുന്നത് കാണാം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് ഒട്ടേറെ നിരീക്ഷണങ്ങൾക്കുശേഷം ഉതിർന്നുവരുന്ന ചോദ്യങ്ങളും പരികൽപനയും പരീക്ഷണങ്ങൾക്കുമൊടുവിൽ നിഗമനത്തിലെത്തുകയും ഈ പ്രക്രിയ വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത്തരത്തിൽ ശരിയായ ശാസ്ത്രീയ രീതിയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിത്തറ. ഇതര വൈദ്യശാസ്ത്രത്തിന് ഒട്ടേറെ അപകടങ്ങൾ ഉണ്ട്. മെഡിക്കൽ സഹായം വൈകുക, ജീവൻ നഷ്ടപ്പെടുക, ഇതിന്റെ പഠനങ്ങൾക്കും ഗവേശണങ്ങൾക്കും വേണ്ടി പൊതുജനങ്ങളുടെ പണം പാഴാക്കപ്പെടുന്നു, മാനവ വിഭവശേഷി പാഴാക്കപ്പെടുന്നു, സമാന്തര ആരോഗ്യ പരിരക്ഷ എന്ന നിലയിൽ ആന്റിവാക്സ് കാമ്പെയ്‌നുകൾ ഉണ്ടാകുന്നു. ഇവയെല്ലാംതന്നെ അപകടകരമായ നില സൃഷ്ടിക്കുന്നവയാണ്.
ആയുഷ് : ഒരു സാമൂഹിക വിപത്തോ? എന്ന വിഷയത്തിൽ സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ഡോ. ആരിഫ് ഹുസൈൻ തെരുവത്ത് 2021 മെയ് 23 ന് ഔട്ഗ്രോ മാഗസിൻ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ അവതരിപ്പിച്ച പ്രസക്ത ഭാഗങ്ങളാണ് മുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഔഷധം എന്നാലെന്താണ്? ഇതര വൈധ്യം, സമാന്തര മരുന്നുകൾ, തുടങ്ങിയവ എങ്ങിനെയാണ് ഒരു സാമൂഹിക വിപത്ത് ആകുന്നത്. ഇതിന് ഉദാഹരണങ്ങളും പുറമെ പരിഹാരങ്ങളും നിർദ്ദേശിച്ചുകൊണ്ടാണ് അദ്ദേഹം അവതരണം പൂർത്തിയാക്കിയത്.
Article by Veena Viswanath