Article by Veena Viswanath, Thiruvananthapuram
ലോകരാഷ്ട്രീയത്തിൽ തന്നെ ഏറ്റവും സങ്കീർണമായ ഒരു പ്രശ്നമായി കണക്കാക്കാവുന്ന ഒന്നാണ് ഇസ്രായേൽ പലസ്തീൻ സംഘർഷം. ഏകപക്ഷീയമായി പലസ്തീനിന്റെ പക്ഷം നിൽക്കുന്നവരെയും ഇസ്രായേലിന്റെ പക്ഷം പിടിക്കുന്നവരെയും നമുക്കുചുറ്റും കാണാൻ കഴിയും. ഇസ്രായേൽ എന്ന രാജ്യം പലസ്തീൻ മണ്ണിൽ ഉദിച്ചുയർന്നിട്ട് എഴുപതിലേറെ വർഷങ്ങളായി. പലസ്തീനിയൻ ജനത നടന്നുനീങ്ങിയ സംഘർഷഭരിതമായ ചരിത്രവഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം. ഇസ്രായേൽ പലസ്തീൻ വിഷയത്തിൽ ലഭ്യമായ ചരിത്ര പശ്ചാത്തലം തുടങ്ങുന്നത് പൊതുവർഷത്തിന് മുമ്പ് പതിനൊന്നാം നൂറ്റാണ്ടിലാണ്. പറയപ്പെടുന്ന മിത്തുകളുടെ അടിസ്ഥാനത്തിൽ കാനാൻ ദേശത്ത്, അതായത് ഇന്നത്തെ പലസ്തീനിൽ സ്ഥിരതാമസമാക്കിയ ഒരു വിഭാഗം ജനതയെ യുദ്ധത്തിൽ പരാജയപ്പെടുത്തിക്കൊണ്ടാണ് ജൂതർ(എബ്രായർ) അവിടെ സ്ഥാനം ഉറപ്പിക്കുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനതയായ എബ്രായർ ദൈവം ദാനം നൽകിയ ഭൂമിയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഊർ എന്ന പ്രദേശത്തു നിന്നുമാണ്. ബാബിലോൺ, ഹാറാൻ, തുടങ്ങിയ പ്രദേശങ്ങൾവഴി സഞ്ചരിച്ച് കാനാൻ ദേശം വഴി ഈജിപ്തിലേക്ക് പോവുകയും അവിടെ നിന്ന് തിരികെ കാനാൻ പ്രദേശത്തുവന്ന് അധികാരം ഉറപ്പിക്കുകയും ചെയ്തു. അതിശക്തമായ ചെറുത്തു നിൽപ്പിന്റെ നിരന്തരമായ സംഘട്ടണങ്ങൾക്ക് ഒടുവിൽ എബ്രായർ സാവൂൽ എന്ന നേതാവിന്റെ കീഴിൽ സംഘടിക്കുകയും തുടർന്നുള്ള യുദ്ധത്തിൽ കുടിയേറ്റം പൂർണമായും വിജയിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
ഹീബ്രു ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ BCE 1020 മുതലാണ് സാവൂൽ ഭരണം ആരംഭിക്കുന്നത്. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ജൂതിയ ആത്മീയത വളർന്നു തുടങ്ങുന്നത്. പുരാതന കാലം മുതൽക്ക് തന്നെ രാഷ്ട്രീയ പ്രാധാന്യം ഉള്ള പ്രദേശം ആയിരുന്നതിനാൽ കാനാൻ ദേശം നിരന്തരമായി സഘട്ടനങ്ങൾക്ക് ഇരയാകുക പതിവായിരുന്നു. BCE 64 ൽ റോമാ സാമ്രാജ്യത്തിന്റെ സൈനികൻ പോംപി ജൂതിയ കീഴടക്കി റോമിന്റെ പ്രവിശ്യയാക്കിയത് മുതലാണ് എടുത്തു പറയാവുന്ന പ്രശ്നങ്ങൾ ജൂതർ നേരിടാൻ തുടങ്ങുന്നത്. റോമിന്റെ മത വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്ന ഏകദൈവ വിശ്വാസമുള്ള എബ്രായർ മത സ്വാതന്ത്ര്യത്തിൽ ഇടിവുകൾ അനുഭവിക്കാൻ തുടങ്ങിയത് ഈ കാലം മുതൽക്കാണ്. ACE 66 ൽ ജൂതർ കലാപം ആരംഭിക്കുകയും ഇസ്രായേൽ എന്ന് പേരുള്ള ഒരു രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. റോമാ ചക്രവർത്തി ടൈറ്റസ് ACE 70 ൽ കലാപം നിഷ്കരുണം അടിച്ചമർത്തുന്നു. തുടർന്ന് ധാരാളം ജൂതർ കാനാൻ ദേശത്തു നിന്ന് പലായനം ചെയ്ത് പോകുന്നു. ACE 135 ൽ ജൂതർ വീണ്ടും കലാപം നടത്തുന്നു. അപ്പോഴത്തെ റോമാ ചക്രവർത്തി ഹെഡ്രിയൻ കലാപം അടിച്ചമർത്തി ജൂതരെ നിഷ്കാസനം ചെയ്യാൻ ശ്രമിക്കുകയും ജൂതിയ പ്രവിശ്യയെ പാലസ്തീന എന്ന് പേര് മാറ്റുകയും ചെയ്യുന്നു. പാലസ്തീന എന്ന ലത്തീൻ വക്കിൽ നിന്നാണ് പാലസ്തീൻ എന്ന അറബി വാക്ക് പിൽക്കാലത്ത് രൂപം കൊള്ളുന്നത്. പൊതുവർഷം നാലാം നൂറ്റാണ്ടിലാണ് റോമാ സാമ്രാജ്യം ക്രിസ്ത്യാനിറ്റിയെ ഔദ്യോഗിക മതമായി അംഗീകരിക്കുന്നത്. അതോടെ ജൂതന്മാർ കടുത്ത പ്രതിസന്ധിയിൽ ആകുന്നു. കലാപങ്ങൾ നടത്തുകയുണ്ടയി എങ്കിലും അവ അടിച്ചമർത്തപ്പെടുന്നു. 7 ആം നൂറ്റാണ്ടിൽ ബൈസാന്റിയം ( കിഴക്കൻ റോമാ സാമ്രാജ്യം ) സാമ്രാജ്യത്തിന്റെ ശത്രുക്കളായ പേർഷ്യയുടെ കൂട്ട് പിടിച്ചു നടത്തുന്ന കലാപത്തിൽ പേർഷ്യ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു പിടിച്ചടക്കി എബ്രായർക്ക് ഭരണം നൽകുന്നു. പക്ഷെ റോമിന്റെ ആക്രമണം ഭയന്ന് ജൂതർ റോമുമായി സഘ്യത്തിൽ ആകുകയും 625 ൽ കരാർ പ്രകാരം റോമിന്റെ പ്രവിശ്യയായി മാറുകയും ചെയ്യുന്നു. പക്ഷെ അപ്പോഴേക്കും ക്രൈസ്തവ സഭയുടെ ഭരണത്തിലുള്ള അപ്രമാദിത്വം ജൂതർക്ക് വിനയായി മാറിയിരുന്നു. ക്രിസ്തുവിന്റെ ഘാതകർ എന്ന മുദ്ര കത്തോലിക്കാ സഭ ജൂതർക്ക് മുകളിൽ ചാർത്തി കഴിഞ്ഞതിന്റെ ഫലമായി ഹെറാക്ലിയസ് ചക്രവർത്തി നിർബന്ധിത മത പരിവർത്തനത്തിനും കൂട്ടക്കൊലക്കും ഉത്തരവ് നൽകി. അത് ധാരാളം ജൂതരെ തുടച്ചുനീക്കാനും കൂട്ട പലായനത്തിനും നിർബന്ധിതരാക്കി.
ഇതിന് ഒരു അറുതി വരുന്നത് 638 ൽ ഇസ്ലാമിക സാമ്രാജ്യം ജറുസലേം കീഴടക്കുന്നതോടെയാണ്. ഇസ്ലാമിക സാമ്രാജ്യത്തിൽ ദിമ്മികളായി കപ്പം നൽകി താരതമ്യേന സ്വതന്ത്രമായി ജീവിക്കാൻ ജൂതർക്ക് കഴിഞ്ഞു. ഉമറുബ്ബിനുൽ അബ്‌ദുൽ അസീസിനെ പോലുള്ള മത ഭ്രാന്തന്മാരുടെ കാലഘട്ടത്തിൽ അല്ലാതെ മത സ്വാതന്ത്ര്യത്തിൽ വലിയ പ്രശ്നങ്ങൾ ജൂതർ നേരിട്ടിട്ടില്ല എന്ന് ചരിത്രത്തിൽ കാണാം.
ലോകരാഷ്ട്രീയത്തിന്റെ മാറി മാറിയലും കുരിശ് യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലും ജൂതരെ മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്ക് ഇറയാക്കുകയാണ് ഉണ്ടായത്. കത്തോലിക്കാ സഭയുടെ ഘാതകർ എന്ന പ്രഖ്യാപനം ജൂതരെ സിനഗോകുകളിൽ ഒന്നിച്ചു കൂട്ടി അഗ്നിക്ക് ഇരയാക്കുകയും കൂട്ടക്കൊല നടത്തുകയും അടിമകളായി വിൽക്കുകയും ചെയ്തത് ചരിത്രത്തിൽ കാണാം. 40000 ജൂതർ ഉണ്ടായിരുന്നതിൽ ജീവനോടെ രക്ഷപ്പെട്ടത് ആയിരങ്ങൾ മാത്രമാണ് അവരെ അടിമകളാക്കി വിൽക്കുകയും ചെയ്തതായി ചരിത്രം സംസാരിക്കുന്നു. കുരിശ് യുദ്ധ കാലത്ത് മുസ്ലിങ്ങൾ ജൂതരെ വെറുതെ വിട്ടിരുന്നില്ല കിട്ടിയ അവസരങ്ങളിൽ അവരും കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയിരുന്നു. തുടർന്നുള്ള രാഷ്ട്രീയ മാറ്റം മേൽ പറഞ്ഞ സാഹചര്യങ്ങളിലും അല്ലാതെയും ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കുടിയേറിയ ജൂതരിൽ യൂറോപ്പിൽ കുടിയേറിയവർ നേരിടേണ്ടി വന്ന കഷ്ടതകളാണ് ലോകം കണ്ടത്. 1290 ൽ ഇംഗ്ലണ്ടിൽ നിന്നും ജൂതരെ കുടിയിറക്കാൻ എഡ്വേഡ് രാജാവ് ഉത്തരവിടുന്നുണ്ട്. ഇതിനെ തുടർന്ന് യൂറോപ്പ് മുഴുവൻ ഇത്തരം ഒഴിപ്പിക്കൽ ഉത്തരവുകൾ നടമാടുന്നുണ്ട്. 1306 ൽ ഫ്രാൻസ്, 1492 ൽ സ്പെയിൻ, 1497 ൽ പോർച്ചുഗൽ എന്നിങ്ങനെ നീളുന്നു അത്. ഇതിന് കാരണമായത് ഒരു ആന്റി സെമിറ്റിക്ക് ബോധം വളർന്നു വന്നു എന്നതാണ്. യൂറോപ്പിലേക്ക് പ്രധാനമായും കുടിയേറിയ സെമിറ്റിക്ക് വിഭാഗം ജൂതർ ആയിരുന്നു.
നാലാം നൂറ്റാണ്ടോടു കൂടി നിലവിൽ വന്ന റബ്ബിനിക്കൽ ജൂതയിസം ഏത് ദേശത്തും തങ്ങളുടെ സത്വം കാത്തു സൂക്ഷിക്കാൻ ഒരു കോളനി പോലെ ജീവിക്കാൻ ജൂതരെ പരിശീലിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ സമൂഹത്തിന് ഉള്ളിലെ മറ്റൊരു സമൂഹം എന്ന നിലയിൽ ആണ് അവർ സഹവർത്തിച്ചിരുന്നത്. ഇത് സ്വാഭാവികമായ സാമൂഹിക വൈരുദ്ധത സൃഷ്‌ടിക്കുകയും ജൂതർ നമ്മളിൽ നിന്നും വെത്യസ്ഥരാണ് എന്ന ബോധം സാധാരണക്കാരിൽ ഉൾപ്പെടെ നിലനിൽക്കാൻ കാരണമാവുകയും ചെയ്തു. ഇത്തരം അന്യതാ ബോധം സാമൂഹികമായ അകൽച്ചയും വിരോധവും സൃഷ്‌ടിച്ചു. അത് ജൂത വിരോധവും, ആഗോള അടിസ്ഥാനത്തിൽ ഉള്ള സെമിറ്റിക്ക് വിരുദ്ധതക്കും കാരണമായി. യൂറോപ്പിൽ സഭയുടെ സ്വതീനം കൂടി ആയപ്പോൾ ജൂത വിരോധം അക്രമങ്ങൾക്കും കൂട്ടക്കൊലകൾക്കും കാരണമായി. നാസി വിരോധം ഇതിന്റെയെല്ലാം ആകെത്തുകയായി കടന്നു വന്നതാണ് എന്നാണ് ചരിത്ര ഭാഷ്യം.
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ നിലവിൽവന്ന് പതിനാലാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിൽ തെക്കുകിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ പലസ്റ്റീൻ വരുന്നത് 1516 ൽ ആണ്. മെഡിറ്ററേനിയൻ കടലിനും ജോർദാൻ നദിക്കും ഇടയിലുള്ള ഈ പ്രദേശം ഭൂരിഭാഗവും മുസ്ലീം ജനത ആയിരുന്നു. 1878 ലെ ചരിത്രരേഖകൾ പരിശോധിച്ചാൽ 80% ത്തോളം മുസ്ലീം ജനതയും, 10% ക്രൈസ്തവ ജനതയും, 3% ജൂതന്മാരും ആയിരുന്നു എന്ന് കാണാം. എന്നാൽ പലസ്തീനുള്ളിലെ ജറുസലേം നഗരത്തിൽ ഈ എല്ലാ മതസ്തരുംതന്നെ ഏകദേശം ഒരേ അനുപാതത്തിൽ ജീവിച്ചു പോന്നിരുന്നു.
സയണിസം എന്ന വാക്കിന്റെ ഉത്ഭവം ജറുസലേമിലെ സിയണ് മലയുടെ പേരിൽ നിന്നുമാണ്. ദാവീദ് രാജാവിന്റെ കാലത്ത് ജറുസലേം നഗരത്തെയും കാനാൻ ദേശത്തെയും സിയണ് മലയുടെ പേരിൽ വിളിക്കുക പതിവായിരുന്നു. ഈ പുരാതനപ്രധാന്യത്തിൽ നിന്നുമാണ് സയണിസത്തിന്റെ ജനനം. ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനും നാടക കൃത്തും ആയ തിയോഡോർ ഹെർസൽ ഡ്രെഫസ് കേസുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടന്ന സംഭവ വികാസങ്ങളുടെയും സെമിറ്റിക്ക് വിരുദ്ധതയുടെയും അടിസ്ഥാനത്തിൽ ജൂതരാഷ്ട്രം ( Jewish State ) എന്ന കൃതി രചിക്കുന്നിടത്താണ് സയണിസത്തിന്റെ തുടക്കം. ആദ്യകാല സയണിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഈ പുസ്തകത്തിൽ പ്രകടിപ്പിച്ചതുപോലെ, ഇരുപതാം നൂറ്റാണ്ടിൽ ഭാവിയിൽ ഒരു സ്വതന്ത്ര ജൂത രാഷ്ട്രത്തിന്റെ സ്ഥാപനം ഹെർസൽ വിഭാവനം ചെയ്തു. യൂറോപ്പിൽ ആന്റിസെമിറ്റിസം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ഈ സ്വതന്ത്ര ജൂത രാഷ്ട്രം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. അർജന്റീനയിൽ ഒരു ജൂത രാഷ്ട്രത്തിനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുവെങ്കിലും പലസ്തീനിൽ ഭൂമി വാങ്ങാൻ ഈ പുസ്തകം ജൂതന്മാരെ പ്രോത്സാഹിപ്പിച്ചു.
ഹെർസൽ സ്വിറ്റ്സർലൻഡിൽ വിളിച്ചു ചേർത്ത സിയണിസ്റ്റ് കോണ്ഗ്രസിൽ (1897) പലസ്തീനിൽ ജൂതർക്കായി ഒരു സ്വതന്ത്ര രാഷ്ട്രം എന്ന ആവശ്യം മുന്നോട്ട് വെക്കുകയും അതിനായി ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുൽത്താനെ കണ്ട് സംസാരിക്കുകയും ചെയ്തുവെങ്കിലും സുൽത്താൻ അത് നിരസിക്കുന്നു. എങ്കിലും അവിടേക്ക് ജൂത കുടിയേറ്റം തുടങ്ങുന്നു. അതിന് പ്രേരണ നൽകിയത് മില്ലെനെറിയൻ ക്രിസ്ത്യാനികൾ ആണ്. ക്രിസ്തുവിന്റെ രണ്ടാം വരവ് കുരിശിലേറ്റിയതിന്റെ ഏതെങ്കിലും സഹസ്രാബ്ധത്തിൽ ആയിരിക്കും എന്ന് വിശ്വസിക്കുന്ന ക്രൈസ്തവ വിഭാഗമാണ് അവർ. 2000 ആണ്ടിൽ ക്രിസ്തു വരുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബൈബിളിൽ പറഞ്ഞ ജൂത സാന്നിധ്യം ജറുസലേം പ്രദേശത്ത് അനിവാര്യമാണ്. എന്നാൽ 1900 ൽ ഓട്ടോമൻ സുൽത്താൻ പാലസ്തീനിൽ ജൂത കുടിയേറ്റം നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കി. തുടർന്ന് ഒന്നാം ലോക മഹായുദ്ധത്തിൽ ജൂതരുടെ സഹായം ആവശ്യമായ ബ്രിട്ടന്റെ മുന്നിലേക്ക് സയോണിസ്റ്റുകൾ ഈ ആവശ്യം വെക്കുന്നു. ആദ്യം അർജന്റീനയിൽ ജനവാസം കുറഞ്ഞ പ്രദേശവും തുടർന്ന് ഉഗാണ്ടയിലെ ആൾ താമസം ഇല്ലാത്ത 6000 ചതുരശ്രമൈൽ ഭൂഭാഗവും നൽകാമെന്നുമുള്ള വാഗ്ദാനം തീവ്ര ആത്മീയ സയണിസ്റ്റ് വിഭാഗം എതിർക്കുന്നതിനെ തുടർന്ന് പാലസ്തീൻ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് ഉണ്ടായത്. ഒന്നാം ലോക മഹാ യുദ്ധത്തിന് മുന്നേ തന്നെ ബ്രിട്ടണ്, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവരുടെ പ്രേരണയാൽ കുടിയേറ്റം ശക്തമായി. കൃഷിയിടങ്ങളും മറ്റും വാങ്ങി തങ്ങൾക്ക് വേണ്ടത് അവിടെ കെട്ടിപൊക്കാൻ സാധാരണക്കാരായ കുടിയേറ്റക്കാരെ സാമ്പത്തികമായി സഹായിക്കാനും യൂറോപ്പിലെ സമ്പന്ന ജൂതർ ധാരാളം പണം മുടക്കി. അതിന്റെ ഫലമായി രാജ്യത്തിനകത്തെ മറ്റൊരു രാജ്യമെന്ന നിലയിലേക്ക് അവർ വളർന്നു തുടങ്ങി. ഒന്നാം ലോക മഹായുദ്ധനന്തരം ഓട്ടോമൻ സാമ്രാജ്യം നശിക്കുകയും, സൈക്ക്-പിക്കോ രഹസ്യ ധാരണ പ്രകാരം പാലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലും വന്നു.
1917 ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ പരസ്യ പ്രസ്താവനയായിരുന്നു ബാൽഫോർ പ്രഖ്യാപനം. ഫലസ്തീനിൽ ഒരു “ജൂത ജനതയ്ക്ക് ഒരു ദേശീയ ഭവനം” സ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന. 1917-ൽ ബ്രിട്ടീഷ് സർക്കാർ ജൂതന്മാർക്കായി ഒരു മാതൃരാജ്യം സൃഷ്ടിക്കുന്നതിനു ലക്ഷ്യമിട്ടു. രാജ്യമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത രാജ്യം കൊടുക്കുക എന്നതായിരുന്നു പ്രസ്താവന. 1922 ൽ ഐക്യരാഷ്ട്രസംഘടന ഈ മാതൃരാജ്യത്തെ പലസ്തീൻ ആയി കണക്കാക്കിയിരുന്നു. എന്നാൽ, പലസ്തീനിലെ വലിയ അറബ് ജനത ഈ തീരുമാനത്തെ പൂർണമായും എതിർക്കുകയും ഈ നിർദ്ദേശത്തോട് അക്രമാസക്തമായി പ്രതികരിക്കുകയും ചെയ്തു. 1890 കൾ മുതൽ ബ്രിട്ടൻ ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും 1930 കളിലെ ലോകവ്യാപകമായ മഹാമാന്ദ്യവും നാസി ജർമ്മനിയിൽ നിന്നുള്ള അഭയാർഥികളുടെ കൂട്ടപലായനവും നയത്തിൽ മാറ്റം വരുത്തി. 1933 ൽ ഹിറ്റ്‌ലർ അധികാരത്തിൽ വന്നപ്പോൾ, നാസി യൂറോപ്പിൽ നിന്നും ജൂതന്മാർ ബ്രിട്ടനിലേക്കും പലായനം ചെയ്തു തുടങ്ങി. ചിലർ ട്രാൻസിറ്റ് വിസയിൽ എത്തി, അതായത് മറ്റൊരു രാജ്യം സ്വീകരിക്കാൻ കാത്തിരിക്കുമ്പോൾ അവർ താൽക്കാലികമായി ബ്രിട്ടനിൽ താമസിച്ചു. മറ്റുള്ളവർ തൊഴിൽ അല്ലെങ്കിൽ ഗ്യാരന്ററോ കിൻഡർട്രാൻസ്പോർട്ട് വഴിയോ രാജ്യത്ത് പ്രവേശിച്ചു. 1933 അവസാനത്തോടെ 600,000 ജർമ്മൻ ജൂതന്മാരിൽ 100,000 പേർ ഇതിനകം പലസ്തീനിലേക്ക് കുടിയേറിയിരുന്നു. 1936-ൽ ബ്രിട്ടീഷ് പാർലമെന്റ് പലസ്തീൻ വിഭജനം നിർദ്ദേശിച്ചു. ജൂതന്മാർ സമ്മതിച്ചെങ്കിലും അറബ് ഈ ആശയം നിരസിച്ചു. ജൂത കുടിയേറ്റത്തെ പാലസ്തീൻ ക്രിസ്ത്യൻ മുസ്ലിം അറബികൾ എതിർത്തുകൊണ്ട് 1936 മുതൽ 39 വരെ കലാപം നടത്തി. ജൂത ഭീകര സംഘടനയായ ഹാഗാനയുമായി ചേർന്ന് ബ്രിട്ടൻ കലാപം അടിച്ചമർത്തി. ഔദ്യോഗിക കണക്ക് പ്രകാരം 10,000 അറബികൾ മരണപ്പെട്ടു. മറ്റൊരു ജൂത ഭീകര സംഘടനയായ ഇർഗൂൻ ബസിൽ ബോംബ് വെച്ചു 74 പേരെ കൊന്നു. കുറ്റവാളികളെ പിടിച്ച ബ്രിട്ടൻ അവരെ തൂക്കിലേറ്റി, അത് അവരെ ബ്രിട്ടന് എതിരെ തിരിച്ചു. 1939 ൽ ലണ്ടൻ ജൂത കുടിയേറ്റം കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചു.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ആധിപത്യമുള്ള യൂറോപ്പിൽ നിന്ന് പലായനം ചെയ്ത ജൂതന്മാർക്ക് പലസ്തീൻ വലിയ തോതിൽ അടച്ചിരുന്നു. ഈ വസ്തുത ഉണ്ടായിരുന്നിട്ടും, ഭൂരിപക്ഷം ജൂത ജനതയും യുദ്ധസമയത്ത് സഖ്യകക്ഷികളെ പിന്തുണച്ചു. 1919 ൽ പലസ്റ്റീനിൽ ഒരു ലക്ഷത്തിൽ താഴെയുണ്ടായിരുന്ന ജൂത സമൂഹം യുദ്ധാവസാനത്തോടെ 600,000 ആയി. പലസ്തീനിലെ അറബികളും ഉയർന്ന ജനനനിരക്കും കുടിയേറ്റവും വഴി 1940 ൽ 440,000 ൽ നിന്ന് ഏകദേശം 1,000,000 ആയി വർദ്ധിച്ചു. രണ്ടാം ലോക മഹായുദ്ധതിന് ശേഷവും പാലസ്തീൻ ബ്രിട്ടന്റെ കൊളനിയായി തുടർന്നു. സിയോണിസ്റ്റുകൾ ബ്രിട്ടന് എതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് കൂടുതൽ ക്രൂര മുഖം നൽകിത്തുടങ്ങി . ബ്രിട്ടനെ പുറത്താക്കി ശേഷം പാലസ്തീൻ ജനതയെ കൊന്നൊടുക്കി ഇസ്രായേൽ സ്ഥാപിക്കാൻ ആയിരുന്നു ലക്ഷ്യം. നിയന്ത്രണം കൈ വിട്ട് പോകുമെന്ന് മനസിലായ ബ്രിട്ടൻ പ്രശ്നം UNO യിൽ അവതരിപ്പിച്ചു. ഈ സമയത്താണ് ജർമനിയിലെ ജൂത പീഡനങ്ങൾ യുദ്ധാനന്തരം പുറത്തു വരുന്നത്. 60 ലക്ഷം ജൂതരെ കൊന്നൊടുക്കിയ നാസി ഭീകരത ജൂതർക്ക് അനുകൂലമായ ലോക മനസിൽ അനുകമ്പാ തരംഗം സൃഷ്‌ടിച്ചിരുന്നു.
പലസ്തീന്റെ നിയന്ത്രണം ബ്രിട്ടൻ ഐക്യരാഷ്ട്രസംഘടനയിൽ നിന്ന് ഒഴിവാക്കിയതിനെത്തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം 1948ൽ ഐക്യരാഷ്ട്രസംഘടന വീണ്ടും പലസ്റ്റീൻ വിഭജനം നിർദ്ദേശിച്ചു. വീണ്ടും, അറബ് ജനത ഈ നിർദ്ദേശം നിരസിക്കുകയും ജൂതന്മാർക്കെതിരായ അക്രമങ്ങൾ തുടരുകയും ചെയ്തു. എന്നിരുന്നാലും, അന്താരാഷ്ട്ര ഇടപെടലും ജൂതന്മാർ പലസ്തീനിലേക്ക് കുടിയേറുന്നതും തടയാൻ അറബികൾക്ക് വേണ്ടത്ര ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. 1948 ആയപ്പോഴേക്കും ജൂതന്മാർ പലസ്തീന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. 1948 മെയ് 14 ന് പലസ്തീനുമായുള്ള ഔദ്യോഗിക നിയന്ത്രണം അവസാനിക്കുകയും ഐക്യരാഷ്ട്രസംഘടനയുടെ തീരുമാനപ്രകാരം ജൂത ജനത ഇസ്രായേൽ രാഷ്ട്രം നിലവിൽ വരികയും ചെയ്തു. ഒറ്റരാത്രികൊണ്ട് അറബ് ജനതയ്ക്ക് 52% പലസ്തീൻ നഷ്ടമായി. 6 ലക്ഷം ജൂതരും 12 ലക്ഷം പാലസ്തീനിയൻസും ആണ് അവിടെ അപ്പോൾ ഉണ്ടായിരുന്നത്. എന്നിട്ടും പാലസ്തീൻ തികച്ചും നീതിരഹിതമായി 3 ആയി വിഭജിച്ചു, 56.5 % വരുന്ന ഭാഗം ജൂതർക്കും, 43.5 % ഭാഗം പാലസ്തീൻ ജനതയ്ക്കും, ജറുസലേം ഉൾപ്പെടുന്ന മൂന്നാം ഭാഗം UNO യുടെ നിയന്ത്രണത്തിലും നിർത്തി.
ലേഖനം തയ്യാറാക്കിയത്: Veena Viswanath, Thiruvananthapuram