സൗജന്യ രാഷ്ട്രീയം

തിരഞ്ഞെടുപ്പ് അടുക്കുന്നതോടുകൂടി ഭാരതത്തിലാകമാനം മുഴങ്ങി കേൾക്കുന്നവയാണ് സൗജന്യ വാഗ്ദാനങ്ങൾ. ചരിത്രം പരിശോധിക്കുമ്പോൾ അവ ഇന്നോ ഇന്നലെയോ മാത്രം തുടങ്ങിയ ഒരു ചടങ്ങല്ല എന്നതും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞ എഴുപത്തിനാലു വർഷമായി തുടർന്നുപോരുന്ന ഈ സമ്പ്രദായം ഇന്ന് ഇന്ത്യൻ ജനതയെ സൗജന്യകാംക്ഷികൾ ആയി മാറ്റിക്കഴിഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, ഭാരതത്തിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന എല്ലാ പാർട്ടികളും തൻ്റെ പ്രകടന പത്രികയിൽ സാധിക്കാനാകാത്ത പല സൗജന്യ വാഗ്ദാനങ്ങളും അക്കമിട്ട് കുറിക്കുന്നു.

സൗജന്യ വെള്ളം മുതൽ സൗജന്യ സ്മാർട്ട്ഫോണുകൾ വരെ വോട്ടർമാരെ അനുകൂലമായി ആകർഷിക്കുന്നതിനു വേണ്ടി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഭക്ഷണലഭ്യതയിലും മറ്റും ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും നൽകിപ്പോരുന്നു. എന്നാൽ ഇത് ഒരു ഔദാര്യമല്ല എന്നും ഭാരതത്തിൽ ഓരോ കുട്ടികൾക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവ നൽകുന്നത് സർക്കാരിൻ്റെ കടമയും ഉത്തരവാദിത്തവുമാണ് എന്നും നാം മനസ്സിലാക്കണം. അടുത്തിടെ തെലങ്കാനയിൽ നടന്ന തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുപ്പ് ദിവസം തങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്താൽ അവർക്ക് ഭക്ഷണ സൗകര്യവും മറ്റും ഒരുക്കി. രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വാഗ്ദാനം ആയിരിന്നു സംസ്ഥാനത്തെ 10 ദശലക്ഷം പാവപ്പെട്ടവർക്ക് സബ്സിടി നിരക്കിൽ സ്മാർട്ട്ഫോണുകളും ആദ്യത്തെ ആറുമാസം സൗജന്യ ഡാറ്റയും നൽകുക എന്നത്. ഇതിന് മറുപടിയായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ കോളേജിൽ ചേരുന്ന വിദ്യാർത്ഥികൾ എല്ലാവർക്കും ഒരു സ്മാർട്ട്ഫോൺ വീതം വാഗ്ദാനം ചെയ്തു. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് ഇത്തരം സൗജന്യവാഗ്ദാനങ്ങളിൽ മുന്നിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധുരൈ സ്ഥാനാർദ്ധി ശരവണൻ ഓരോ വീട്ടിലേക്കും ഹെലികോപ്റ്റർ, 20 ലക്ഷം രൂപയുടെ കാർ, ചന്ദ്രനിലേക്ക് യാത്രാ സൗകര്യം, ബാങ്ക് അകൗണ്ടിൽ ഒരു കോടി രൂപയുടെ നിക്ഷേപം, തുടങ്ങിയ ഒട്ടനവധി വാഗ്ദാനങ്ങൾ നൽകുന്നതും നമ്മൾ കണ്ടതാണ്.

കാലങ്ങളായി രാഷ്ട്രീയ പാർട്ടികൾ ക്ഷേമപദ്ധതികൾ എന്ന പേരിൽ സൗജന്യരാഷ്ട്രീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു. അത്തരം ആനുകൂല്യങ്ങൾ ഖജനാവിൻ്റെ ചിലവിൽ നിന്നും തങ്ങൾ തന്നെ അടയ്ക്കുന്ന നികുതിയിൽ നിന്നുമാണ് നൽകുന്നതെന്ന് ആളുകൾ മറക്കുന്നു. അവർ ഇവ സൗജന്യ വിതരണം ആണെന്ന് കണക്കാക്കുകയും സർക്കാരിൽ നിന്ന് കൂടുതൽ പ്രതീക്ഷകൾ പുലർത്തുകയും ചെയ്യുന്നു. വോട്ടർമാർക്ക് വാഗ്ദാനങ്ങളും കൈകുലിയും നൽകി പക്ഷപാതപരമായ തീരുമാനങ്ങൾ‌ എടുക്കുന്നതിൽ നിർബന്ധിതരാക്കുന്നു. ഇത് ആളുകളുടെ മനസ്സിനെ സ്വാധീനിക്കുന്നു എന്ന് മാത്രമല്ല ഈ രാഷ്ട്രീയ കളികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രാധാന്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു.

ജനപ്രാധിനിത്യ നിയമത്തിൻ്റെ 123-ആം വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടന പത്രികളിലൂടെ നല്‍കുന്ന വാഗ്ദാനങ്ങളെ അഴിമതിയായി കണക്കാക്കുവാന്‍ കഴിയില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവര പ്രകാരം വിവിധ തരത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലഭ്യമാക്കുന്നു. ആയതിനാല്‍ അവ തടയുവാൻ കഴിയില്ല എന്ന് അവർ അഭിപ്രായപ്പെടുന്നു. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകിയയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന ഒരു പാഴ് ഉപദേശം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാൻ കഴിയുക. ഇന്ത്യയിൽ, ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് ഒരു നിർബന്ധിത ചടങ്ങായി മാറിയിരിക്കുന്നു. അവശേഷിക്കുന്ന ഒരേയൊരു ചോദ്യം ഏതു പാർട്ടിക്ക് ഇത് നന്നായി ചെയ്യാൻ കഴിയും, ആർക്ക് പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാൻ കഴിയും എന്നതു മാത്രമാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *